മുഹമ്മദ് സിനാൻ, മുഹമ്മദ് റിസ്വാൻ
കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ പാലേരി ചെറിയകുമ്പളം ഭാഗത്ത് ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സദേശികളായ കൊളായിപ്പൊയിൽ മജീദിന്റെ മകൻ മുഹമ്മദ് സിനാൻ (15), കുളമുള്ള കണ്ടി യൂസുഫിന്റെ മകൻ മുഹമ്മദ് റിസ്വാൻ (15) എന്നിവരാണ് ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കരിങ്ങാം കടവിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇരുവരും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാ ക്ലാസ് വിദ്യാർഥികളാണ്. കളി കഴിഞ്ഞുവന്ന് സംഘമായി കുളിക്കാൻ ഇറങ്ങിയതായിരുന്നു.
മുഹമ്മദ് റിസ്വാനാണ് ആദ്യം ഒഴുക്കിൽപെട്ടത്. അവനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് സിനാനും ഒഴുക്കിൽപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ പറഞ്ഞാണ് നാട്ടുകാർ വിവരം അറിയുന്നത്. കുട്ടികൾ ഒഴുകിപ്പോകുന്നതു കണ്ട നാട്ടുകാർ പുഴയിലേക്ക് ചാടിയെങ്കിലും ഇരുവരും മുങ്ങിപ്പോയിരുന്നു. അരമണിക്കൂർ കഴിഞ്ഞ് അര കിലോ മീറ്റർ താഴെനിന്ന് മുഹമ്മദ് റിസ്വാനെയാണ് ആദ്യം പുറത്തെടുത്തത്.
രണ്ടര മണിക്കൂർ കഴിഞ്ഞ് സമീപത്തു നിന്നുതന്നെ സിനാന്റെ മൃതദേഹവും ലഭിച്ചു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.
2005 മേയിൽ ഈ കടവിൽ കുളിക്കുന്നതിനിടയിൽ പാറക്കടിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. സിനാന്റെ പിതാവ് മജീദ് സൗദിയിലാണ്. മാതാവ്: മുംതസ്. സഹോദരങ്ങൾ: സന നജ്മൽ, സഫ നൗഷീർ, നേഹ.
റിസ്വാന്റെ മാതാവ്: സഫിയ. സഹോദരി: നസ്മിന. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്കുശേഷം പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.