മീഡിയവൺ വിലക്കിനെതിരായ കേസ്​ നാളെ​; സുപ്രീംകോടതിയിൽ രണ്ട്​ അപ്പീലുകൾ കൂടി

ന്യൂഡൽഹി: ​കേന്ദ്ര സർക്കാറിന്‍റെ മീഡിയവൺ ചാനൽ വിലക്കിനെതിരെ 'മാധ്യമം ബ്രോഡ്​കാസ്റ്റിങ്​ ലിമിറ്റഡ്​' സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കേ രണ്ട് ഹരജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, സീനിയർ വെബ്​ ഡിസൈനർ കെ.പി. ശറഫുദ്ദീൻ, സീനിയർ കാമറാമാൻ കെ.കെ. ബിജു​, കേരള പത്ര പ്രവർത്തക യൂണിയൻ എന്നിവരാണ് കേരള ഹൈകോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്.

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക്​ നിരക്കാത്തതാണ്​ കേരള ഹൈകോടതി സിംഗിൾ ബെഞ്ചിന്‍റെയും ഡിവിഷൻ ബെഞ്ചിന്‍റെയും ഉത്തരവുകളെന്ന്​ അഡ്വ. ആർ.എസ്.​ ജെന മുഖേന സമർപ്പിച്ച ഹരജിയിൽ മീഡിയവൺ എഡിറ്ററും സീനിയർ വെബ്​ ഡിസൈനറും സീനിയർ കാമറാമാനും ചേർന്ന്​ സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു. മീഡിയവൺ ചാനൽ ഉടമകളോ, 320ലേറെ ജീവനക്കാരോ ഒരുഘട്ടത്തിലും ദേശദ്രോഹ പ്രവർത്തത്തനത്തിൽ ഏർപ്പെട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളിൽ മീഡിയവണ്ണിന് എതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാൽ തന്നെ ആരോപണങ്ങൾക്ക് മറുപടി പറയാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

മീഡിയാവണിനുള്ള വിലക്ക്​ ശരിവെച്ച ഹൈകോടതി ഉത്തരവുകൾ ജനാധിപത്യത്തിന്‍റെ അതിജീവനത്തിന്​ മാധ്യമ സ്വാതന്ത്ര്യം അടിസ്​ഥാനപരമാണ്​ എന്ന സുപ്രീംകോടതി വിധി പ്രകാരം നിലനിൽക്കുന്നതല്ല. ഇത്രയും ലാഘവത്തോടെ ദേശസുരക്ഷാ വാദം സ്വീകരിച്ചാൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അപകടത്തിലാകുമെന്നും ഹരജിയിലുണ്ട്​.

അന്യായമായി സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിയിലൂടെ മാധ്യമപ്രവർത്തകർ ഉൾപ്പടെ 320 ഓളം ജീവനക്കാരുടെ തൊഴിൽ നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു. 

Tags:    
News Summary - two more petitions filed in Supreme Court challenging MediaOneban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.