ആനക്കലിയിൽ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞ് അപകടം

അങ്കമാലി/ഇരിങ്ങാലക്കുട: സംസ്ഥാനത്ത് ഇന്ന് മാത്രം ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. അങ്കമാലി കിടങ്ങൂർ ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ് ലോറി ഡ്രൈവറും, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ പാപ്പാനും കൊല്ലപ്പെട്ടു. രണ്ടിടത്തും പാപ്പാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 9.15-ഓടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊല്ലം മയ്യനാട് അരുണിമ പാർഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശി വിഷ്ണു ആണ് കൊല്ലപ്പെട്ടത്. ലോറിക്ക് സമീപം നിൽക്കുകയായിരുന്ന വിഷ്ണുവിനെ ആന കൊമ്പിലേറ്റിയെടുത്ത് നിലത്തടിക്കുകയും ആവർത്തിച്ച് കുത്തുകയുമായിരുന്നു. തലയും നെഞ്ചും പിളർന്ന വിഷ്ണു സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കുത്തേറ്റ ഒന്നാം പാപ്പാൻ കൊല്ലം സ്വദേശി പ്രദീപിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാല് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന സമീപത്തെ വാഹനങ്ങളും മതിലും തകർത്തു. ഒടുവിൽ ഉച്ചയ്ക്ക് 12.15-ഓടെ മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞാണ് രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) മരിച്ചത്. ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു അപകടം. തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർത്ത ആന പാപ്പാന്മാരെ ആക്രമിക്കുകയായിരുന്നു.

നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. കഴിഞ്ഞദിവസം വിളക്ക് എഴുന്നള്ളിപ്പിനിടെയും ഈ ആന ഇടഞ്ഞിരുന്നു. അന്ന് പാപ്പാന്മാർ ആനയെ നിയന്ത്രിച്ച് തളച്ചെങ്കിലും ഇന്ന് വീണ്ടും അക്രമാസക്തനാവുകയായിരുന്നു.

Tags:    
News Summary - Two lives lost in elephant attacks at Angamaly and Iringalakuda temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.