പ്രളയത്തിൽപ്പെട്ട 410 കുടുംബങ്ങൾക്ക് നൽകുന്ന ഗൃഹോപരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസറും പൂഞ്ഞാർ സ്വദേശി സെബിൻ ജോസഫും ചേർന്ന് നിർവഹിക്കുന്നു
ഈരാറ്റുപേട്ട: സർവതും നഷ്ടപ്പെട്ട പ്രളയ ബാധിതരായവരെ ചേർത്തുപിടിച്ച് ഈരാറ്റുപേട്ട നഗരസഭയും പൗരാവലിയും. 30 ലക്ഷം രൂപയുടെ പദ്ധതിയാണ് നഗരസഭയും പൗരാവലിയും സംയുക്തമായി നടപ്പാക്കിയത്. പുനരധിവാസ സഹായ പാക്കേജിന്റെ ഉദ്ഘാടനം സൗഹൃദ കിച്ചനിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് തോട്ടുമുക്കിലെ മദീന കോംപ്ലക്സിൽ നഗരസഭയും പൗരാവലിയും ചേർന്ന് സൗഹൃദ കിച്ചൺ ആരംഭിച്ചത്. വെള്ളം കയറി ഗൃഹോപരണങ്ങൾ നഷ്ടപ്പെട്ടവർക്ക് മൂന്നുനേരം സൗജന്യമായി ഭക്ഷണം കൊടുക്കുക എന്നതായിരുന്നു സൗഹൃദ കിച്ചൻ കൊണ്ട് ലക്ഷ്യമിട്ടത്. വെള്ളമിറങ്ങി സ്ഥിതിഗതികൾ സാധാരണ നിലയിലായതിനെ തുടർന്ന് വീടുകളിലേക്കുള്ള ഭക്ഷണം നിർത്തിയെങ്കിലും നാടിന്റെ നാനാഭാഗത്തുനിന്ന് സേവനത്തിനായി എത്തിയ നൂറുകണക്കിന് വളന്റിയർമാർക്ക് സൗഹൃദ കിച്ചൺ വഴി ഭക്ഷണം നൽകിവന്നു. തുടർന്നാണ് വിഭവ സമാഹരണത്തിനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
നഗരസഭയുടെ അഭ്യർഥന മാനിച്ച് നാടിന്റെ നാനാഭാഗത്തുനിന്നും സംഭാവനകൾ ഒഴുകിയെത്തിയപ്പോൾ വിഭവ സമാഹരണം ബൃഹത് പദ്ധതിയായി മാറി. സ്വന്തം കുഞ്ഞിന്റെ ജന്മദിനാഘോഷത്തിന് കരുതിവെച്ച തുക ഈരാറ്റുപേട്ടയിലെ പ്രളയദുരിതാശ്വാസത്തിന് സംഭാവന ചെയ്ത് പൂഞ്ഞാർ കൈപ്പള്ളി സ്വദേശി സെബിൻ ജോസഫും പദ്ധതിയിൽ പങ്കാളിയായി. സെബിനെ നഗരസഭയും പൗരാവലിയും ചേർന്ന് ആദരിച്ചു. സംഭാവനകൾ എല്ലാം ചേർത്ത് പ്രളയബാധിതരായ 410 കുടുംബങ്ങൾക്ക് ഗൃഹോപരണങ്ങൾ നൽകിയാണ് നഗരസഭ മാതൃകയായിരിക്കുന്നത്.
നിഷാദ് നടയ്ക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഹിയുദ്ദീൻ പള്ളി ഇമാം വി.പി. സുബൈർ മൗലവി, അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രക്കുന്നേൽ, നൈനാർ പള്ളി ഇമാം ഐ.എസ്. മുഹമ്മദ് അഷറഫ് മൗലവി, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, മുൻ നഗരസഭ ചെയർമാൻ വി.എം. സിറാജ്, നഗരസഭ സെക്രട്ടറി വിപിൻ കുമാർ, പുത്തൻ പള്ളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് സാലിഹ്, മുഹിയുദ്ദീൻ പള്ളി പ്രസിഡന്റ് അഫ്സ്റുദ്ദീൻ പുള്ളോലിൽ, പി.എം. അബ്ദുൽ ഖാദർ (ടീം റെസ്ക്യു), അബ്ദുൽ ഗഫൂർ (ടീം നന്മക്കൂട്ടം), റഫീഖ് പേഴുംകാട്ടിൽ (ടീം എമർജൻസി) എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലറന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.