മാപ്സ് ജില്ല കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകുന്നു
പരപ്പനങ്ങാടി: ദേശീയപാതയിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ അടിയന്തര സഹായത്തിനായി ഉപയോഗിക്കുന്ന ടോൾഫ്രീ നമ്പർ 1033ന്റെ പ്രവർത്തനം കേരളത്തിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഗതാഗതമന്ത്രി സി.പി. ജോണിന് പരാതി നൽകി.
അപകടസമയത്ത് 1033ലേക്ക് വിളിക്കുമ്പോൾ കാൾ സംസ്ഥാനത്തിന് പുറത്ത് ഡൽഹി പോലുള്ള സംസ്ഥാനങ്ങളിലെ കാൾ സെന്ററിലേക്കാണ് എത്തുന്നതെന്നും പലപ്പോഴും ഹിന്ദി ഭാഷയിൽ മാത്രമാണ് ആശയവിനിമയം നടക്കുന്നതെന്നും ഇത് അപകടത്തിൽപെടുന്നവരുടെ ആശയവിനിമയത്തിന് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും ലൊക്കേഷൻ ഐഡന്റിഫിക്കേഷൻ ചെയ്യാൻ അവർക്ക് ബുദ്ധിമുട്ടാവുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
ഭാഷ തടസ്സം കാരണം ആംബുലൻസ്, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളുടെ ഇടപെടൽ വൈകുന്നത് ഗുരുതര പൊതുസുരക്ഷ പ്രശ്നമാണെന്നും പരാതിയിൽ പറയുന്നു. ഭാഷാപരമായ തടസ്സം കാരണം അടിയന്തര സഹായം വൈകുന്ന സാഹചര്യം ഒഴിവാക്കാൻ 1033 സേവനം കേരളത്തിൽ അടിയന്തരമായി പരിഷ്കരിക്കണമെന്നും മാപ്സ് നേതാക്കൾ ആവശ്യപ്പെട്ടു.
മാപ്‌സ് ജില്ല സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, അഷ്റഫ് മനരിക്കൽ, എം. കാർത്യായനി, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ, കെ.പി. ബാബു , അഷറഫ് തച്ചറപടിക്കൽ എന്നിവർ ചേർന്നാണ് ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.