പാലക്കാട്: കോങ്ങാട് 1.3 കിലോഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. കണ്ണമ്പരിയാരം സ്വദേശി സുനിൽ (30), തൃശ്ശൂർ ഐക്കാട് സ്വദേശിനി സരിത (30) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി വിൽപന.
സുനിൽ കാറ്ററിംഗ് സ്ഥാപനത്തിൻറെ മറവിൽ വാടകക്കെടുത്ത വീട്ടിലായിരുന്നു ലഹരി ഇടപാട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു. സുനിലും സരിതയും ലഹരി സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.
സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുടർന്നു. ഒരു വർഷമായി ഇരുവരും ചേർന്ന് കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇവർ ബംഗളൂരുവിൽ നിന്ന് ലഹരി എത്തിക്കുന്നതായ വിവരം പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭിച്ചു. ഇന്നലെ വൈകീട്ട് ഇരുവരും തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്.
പാലക്കാട് തൃശൂർ ജില്ലയ്ക്ക് പുറമേ എറണാകുളത്തും ഇവർക്ക് ചില്ലറ വിൽപ്പനക്കാരുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോൺ കോൾ രേഖകൾ അടക്കം പരിശോധിച്ചതിൽ നിന്ന് വൻ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.