താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ട് വിരുദ്ധ സമരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തില്‍ രണ്ടുപേർ കസ്റ്റഡിയില്‍. ആം ആദ്മി അംഗവും സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി ചുണ്ടക്കുന്ന് കിണറുള്ളകണ്ടി ബാവൻകുട്ടി (71), കൂടത്തായി ആലപ്പൊയിൽ അബ്ദുൽ റഷീദ് (51) എന്നിവരെയാണ് താമരശ്ശേരി പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ സംഘർഷത്തിൽ പൊലീസ് എട്ടുകേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധ സംഘംചേരൽ, ആക്രമണം തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ. സമരത്തിൽ പങ്കെടുത്ത വനിത ജനപ്രതിനിധികൾക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിൽ വലിയ പ്രതിഷേധമുണ്ട്. സമരത്തിൽ പങ്കെടുത്ത പലരും ഒന്നിലധികം കേസുകളിൽ പ്രതികളാണ്.
റൂറൽ എസ്.പി കെ.ഇ. ബൈജുവടക്കം 15 പൊലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന 220 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ എ. സായൂജ് കുമാറിനെ ആക്രമിച്ച കേസിൽ തിരിച്ചറിഞ്ഞ 21 പേർക്കെതിരെയും പ്ലാന്റിൽ അതിക്രമിച്ചു കയറി തീയിട്ടതിനും സി.സി.ടി.വിയും വാഹനങ്ങളും നശിപ്പിച്ചതിനും തൊഴിലാളികളെ പൂട്ടിയിട്ടു വധിക്കാൻ ശ്രമിച്ചതിനും ആറുപേർക്കെതിരെയും കേസുകളുണ്ട്.
റോഡിൽ മാർഗതടസ്സം സൃഷ്ടിച്ച കേസിൽ 16 പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷസേനയെ കൂടത്തായിക്കടുത്ത് അമ്പലമുക്കിൽ തടഞ്ഞതിനും കേസുണ്ട്. അതേസമയം, ഡി.ഐ.ജി യതീഷ് ചന്ദ്ര, വയനാട് എസ്.പി തപോഷ് വസുമതാരി എന്നിവർ വ്യാഴാഴ്ച ഫ്രഷ് കട്ട് പ്ലാന്റും സംഘർഷം നടന്ന സ്ഥലങ്ങളും സന്ദർശിച്ചു. ഫൊറൻസിക് സംഘവും കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘവും പരിശോധന തുടരുകയാണ്.
ഡി.വൈ.എഫ്.ഐ താമരശേരി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴിതടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കായി പൊലീസ് പരിശോധന അർധരാത്രിയിലടക്കം തുടരുകയാണ്. മിക്ക സമരസമിതി പ്രവര്‍ത്തകരും ഒളിവിലാണ്. ഫ്രഷ്കട്ട് കോഴി മാലിന്യ സംസ്കാര യൂനിറ്റില്‍നിന്നുള്ള ദുര്‍ഗന്ധവും പരിസര മലിനീകരണവും കാരണം പ്രദേശവാസികള്‍ ആറുവര്‍ഷത്തോളമായി സമരത്തിലായിരുന്നു.
താമരശ്ശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട 74 പേരെ തിരിച്ചറിഞ്ഞതായി ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്ര പറഞ്ഞു. രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. പ്രതികളെ കണ്ടെത്താൻ വീടുകളിൽ പരിശോധന നടത്തിയേ പറ്റൂ.
ഛിദ്രശക്തികളുടെ സ്വാധീനം അറസ്റ്റ് തുടരുമ്പോൾ മനസ്സിലാവും. വിഡിയോ തെളിവുകളും ഡിജിറ്റൽ തെളിവുകളും ഉറപ്പുവരുത്തും. സൈബർ സംവിധാനങ്ങളും കുറ്റാന്വേഷണത്തിൽ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ സംഘങ്ങളാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ നേതാവിനെതിരെ അക്രമത്തിൽ പങ്കില്ലാതെ കേസെടുത്തു എന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പ്രശ്നത്തിന് മുന്നിലും പിന്നിലും ഉണ്ടായിരുന്നവരെയെല്ലാം തിരിച്ചറിഞ്ഞതായും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.