പെരിന്തൽമണ്ണ: ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയേ ഉള്ളൂവെങ്കിലും വ്യാജസർട്ടിഫിക്കറ്റുകൾ വിദഗ്ധമായി നിർമിക്കുന്ന പൊൻമള പട്ടത്ത് മൊയ്തീെൻറ (44) ഒപ്പിനാണ് വില. യൂനിവേഴ്സിറ്റി അധികാരികൾ, ആർ.ടി.ഒ എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പുകൾ അസ്സലിനെ െവല്ലുംരീതിയിൽ പകർത്താൻ പ്രത്യേക മിടുക്കുതന്നെയാണ് മൊയ്തീനെന്ന് പൊലീസ് പറഞ്ഞു. ആർ.ടി.ഒയുടെ ഒപ്പ് ലവലേശം മാറാതെ ഇട്ട് കാണിച്ചുകൊടുക്കുകയും ചെയ്തു. വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും നിർമിച്ച് വിൽപന നടത്തുന്ന മലപ്പുറം പൊന്മള പട്ടത്ത് മൊയ്തീൻ എന്ന മൊയ്തീൻ കുട്ടി, പെരിന്തൽമണ്ണ പട്ടിക്കാട് മുള്ള്യാകുർശ്ശി നമ്പൂത്ത് ഷിഹാബുദ്ദീൻ (40) എന്നിവരെ കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.സി. ഹരിദാസെൻറ നേതൃത്വത്തിൽ പിടികൂടിയത്.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്ച പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഷിഹാബുദ്ദീനെ വ്യാജ വിവാഹ സർട്ടിഫിക്കറ്റുമായി പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മലപ്പുറം കോട്ടപ്പടിയിൽനിന്ന് മൊയ്തീൻ കുട്ടിയെ അറസ്റ്റ് ചെയ്തത്. കോട്ടപ്പടിയിലെ പ്രിൻറിങ് സ്ഥാപനത്തിൽെവച്ച് മൊയ്തീൻ കുട്ടിയാണ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കുന്നതെന്ന് പ്രതികൾ സമ്മതിച്ചു.
സർട്ടിഫിക്കറ്റുകൾക്ക് വിദേശത്ത് നിന്നുപോലും ആവശ്യക്കാരുണ്ട്. അന്തർ സംസ്ഥാനത്തൊഴിലാളികൾക്ക് ഇത്തരത്തിൽ നൽകിയ വിവാഹ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ഏത് രേഖകളുടെയും പകർപ്പും പണവും നൽകിയാൽ സർട്ടിഫിക്കറ്റ് റെഡി. 10,000 മുതൽ 25,000 രൂപ വരെയാണ് ഈടാക്കുന്നത്. ട്രാവൽസ് ഏജൻറുമാരാണ് മുഖ്യ ആവശ്യക്കാർ. പ്രതികളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയവരെകുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൊയ്തീൻ കുട്ടിയുടെ പേരിൽ മലപ്പുറം, താനൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, മണ്ണാർക്കാട്, നെന്മാറ, പൊന്നാനി, മഞ്ചേരി, കോഴിക്കോട് നല്ലളം, എറണാകുളം എന്നിവിടങ്ങളിൽ സമാന തട്ടിപ്പുകേസുകൾ നിലവിലുണ്ട്. 2015ൽ പെരിന്തൽമണ്ണയിൽ തന്നെയാണ് അവസാനമായി അറസ്റ്റിലായത്. ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയതാണ്. 2007ലെ കേസുകൾ വിചാരണ ഘട്ടത്തിലാണ്.
പെരിന്തൽമണ്ണ സി.ഐ ശശീന്ദ്രൻ മേലയിലും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും പ്രിൻറിങ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പലപേരിലുള്ള ആർ.സികളും ലൈസൻസുകളും പിടിച്ചെടുത്തു. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, പ്രിൻറർ, ലാമിനേഷൻ മെഷീൻ, സർട്ടിഫിക്കറ്റുകൾ പ്രിൻറ് ചെയ്യാനുള്ള പേപ്പർ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊമേൻറാകളും മറ്റും പ്രിൻറ് ചെയ്യുന്നതിെൻറ മറവിൽ മൊയ്തീൻ കുട്ടി വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും നിർമിച്ച് വിൽപ്പന നടത്തിവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, കെ. സുകുമാരൻ, ഫൈസൽ, സുനിജ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.