ഭൂമി മൂല്യനിർണയത്തിന് കോഴ: റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി

കൊച്ചി: ഭൂമിയുടെ മൂല്യം നിർണയിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധി, ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷ് എന്നിവർക്കെതിരെ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നതടക്കം ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ ഹരജിയിലാണ് ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്‍റ് പുറമ്പോക്ക് പതിച്ച് ലഭിക്കാൻ കോഴ ആവശ്യപ്പെട്ടെന്നാരോപിച്ച് അപേക്ഷകനായിരുന്ന തലവടി സ്വദേശി നൽകിയ പരാതിയിലായിരുന്നു കേസ്. ഹരജിക്കാരെ കൈയോടെ കുടുക്കി പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോവുകയായിരുന്നു. അതേസമയം, കോഴ ആരോപണത്തിനുമുമ്പേ തന്നെ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായി കോടതി വിലയിരുത്തി. ആരോപണവിധേയരെ തെളിവുസഹിതം പിടികൂടുന്നതിൽ വിജിലൻസ് പരാജയപ്പെട്ടു.

മൂന്നുലക്ഷം കൈക്കൂലി ചോദിച്ചെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതെങ്കിലും അയാളുടെ ഭാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആറുലക്ഷം എന്നാണ് ആരോപിച്ചിട്ടുള്ളത്. ഇത്തരം ഒട്ടേറെ പൊരുത്തക്കേടുകളും നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി, കേസ് റദ്ദാക്കുകയായിരുന്നു. കേസിനെത്തുടർന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Bribery for land valuation: High Court quashes case against revenue officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.