എ.കെ.ടി.എഫ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: വിദ്യാഭ്യാസവും സാമൂഹിക ഉണർവും കൈകോർക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അധ്യാപക നേതൃത്വം ക്ലാസ് മുറികളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും വ്യാപിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറിയുടെ കാവൽക്കാരനായി മാത്രം അധ്യാപകനെ കാണാൻ കഴിയില്ല.
സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്തമുള്ള വ്യക്തിയാകണം അധ്യാപകൻ. വിദ്യാഭ്യാസം പാഠപുസ്തക അറിവിൽ മാത്രം ഒതുങ്ങരുതെന്നും മനുഷ്യനെ സമൂഹജീവിയാക്കി മാറ്റുന്ന മൂല്യങ്ങൾ വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കെ.എ.ടി.എഫ് അംഗങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എം.ടി. സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.കെ. അബ്ദുല്ല ചോയിമടം, ടി.പി. അബ്ദുൽ ഹഖ്, മുസ്തഫ മുക്കോല, എം.പി. മുഹമ്മദലി, ഫാറൂഖ് വട്ടപ്പൊയിൽ, യൂനുസ് പടന്നോട്ട് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് സ്വാഗതവും ട്രഷറർ എ.പി. ബഷീർ നന്ദിയും പറഞ്ഞു.
ഐ.ടി സമ്മേളനം കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഭാഷാസമ്മേളനം കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മിശ്ക്കാത്തി അധ്യക്ഷത വഹിച്ചു. കലാസാംസ്കാരിക സമ്മേളനം കണ്ണൂർ മമ്മാലി ഉദ്ഘാടനം ചെയ്തു. എം.എ. സാദിക്ക് അധ്യക്ഷത വഹിച്ചു.
ശനിയാഴ്ച രാവിലെ നടക്കുന്ന വനിത സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ധൈഷണിക സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘടന സെഷൻ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.