വിദേശ ട്രോളറുകള്‍ക്കുള്ള മത്സ്യബന്ധന അനുമതി: 2014ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു; തീരസംരക്ഷണ സേന ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കി 2014ല്‍ കൊണ്ടുവന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതായി തീരസംരക്ഷണ സേന ഹൈകോടതിയില്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മത്സ്യസമ്പത്തിന്‍െറയും സംരക്ഷണം ഉറപ്പാക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ഒഴിവാക്കി 2014ല്‍ കൊണ്ടുവന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ജനുവരി 30ന് കേന്ദ്ര കൃഷി മന്ത്രാലയം പിന്‍വലിച്ചത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃത ആഴക്കടല്‍ മത്സ്യബന്ധനമുള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും തീരസംരക്ഷണ സേന കൊച്ചി ഹെഡ് ക്വാര്‍ട്ടേഴ്സിലെ കമാന്‍ഡര്‍  എം.വി. പഥക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വിദേശ ട്രോളറുകള്‍ക്കുള്‍പ്പെടെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലാതെ അനുമതി നല്‍കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും ഇതേക്കുറിച്ച് ദേശീയ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി  എം.കെ. സലീം നല്‍കിയ ഹരജിയിലാണ് വിശദീകരണം. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലും ആഴക്കടലിലും സേന നിരന്തരം സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

എല്ലാ സുരക്ഷാ ചട്ടങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്. ബോട്ടുകളില്‍ വിശദമായ സുരക്ഷാ പരിശോധനയും നടത്താറുണ്ട്. ലൈസന്‍സ്, പെര്‍മിറ്റ് രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും ബോട്ടിലെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരവും ശേഖരിക്കാറുമുണ്ട്. 
മത്സ്യബന്ധന ബോട്ടുകള്‍ ഓരോ സമയത്തും എവിടെയാണുള്ളതെന്ന് ബന്ധപ്പെട്ട മാസ്റ്റര്‍മാര്‍ കൃത്യമായി അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. തീരസംരക്ഷണ സേനയുടെ പട്രോള്‍ സംഘം ഇക്കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്താറുണ്ട്. 

അതിനാല്‍, ഹരജിക്കാരന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കാത്തതും അവാസ്തവുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തെ മത്സ്യസമ്പത്ത് വിദേശ കമ്പനികള്‍ കൊള്ളയടിക്കുന്നത് തടയണമെന്ന ഹരജിയില്‍ റിസര്‍വ് ബാങ്കിനോടും തീരസംരക്ഷണ സേനയോടും വിശദീകരണം നല്‍കാന്‍ ഫെബ്രുവരി 14 നാണ് ഹൈകോടതി നിര്‍ദേശിച്ചത്. എന്നാല്‍, മാര്‍ച്ച് ഒന്നിന് ഹരജി പരിഗണിച്ചപ്പോള്‍ ഇരുകൂട്ടരും വിശദീകരണം നല്‍കിയില്ല. ഹൈകോടതി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച തീരസംരക്ഷണ സേന സത്യവാങ്മൂലം നല്‍കിയത്.
 

Tags:    
News Summary - troller boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.