‘ഒരാൾ ഡോ. ഹാരിസിന്റെ മുറിയിലേക്ക് വരുന്ന സി.സി.ടി.വി ദൃശ്യമുണ്ട്, കാണാതായ ഉപകരണം ഈ മുറിയിൽ നിന്ന് കണ്ടെത്തി’ -ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കി മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടിനെതി​രെ പരസ്യമായി രംഗത്തെത്തിയ ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാറും സൂപ്രണ്ടും. മെഡിക്കൽ കോളജിൽ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞ ഉപകരണം ഹാരിസിന്റെ മുറിയിൽനിന്ന് ഇന്നലെ കണ്ടെത്തിയെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇതില്ലായിരുന്നു​വെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാൾ മുറിയിലേക്ക് കടന്നുവരുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ടെന്നും അതാരാണെന്ന് പരിശോധിക്കുമെന്നും ഇവർ അറിയിച്ചു.

കാണാതായ ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണമാണ് കണ്ടെത്തിയത്. ആഗസ്റ്റ് രണ്ടിന് ഇത് വാങ്ങിയതിന്റെ ബിൽ ഇതോടൊപ്പമുള്ള ബോക്സിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ ഉപകരണവും ബില്ലും പരിശോധനക്ക് വിധേയമാക്കുമെന്നും ഇവർ അറിയിച്ചു. ഈ മുറിയുടെ താ​ക്കോൽ ഡോ. ഹാരിസിന്റെയും ഇദ്ദേഹത്തിന്റെ ജൂനിയറായ ഡോ. ടോണിയുടെയും കൈയിൽ മാത്രമാണുള്ളത്. താക്കോൽ മറ്റാർക്കും ​കൈമാറിയിട്ടില്ലെന്ന് ഡോ. ടോണി പറഞ്ഞതായും ഇവർ വ്യക്തമാക്കി.

മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചത്. ഉപകരണം കാണാതായിട്ടില്ലെന്നും, മാറ്റിവച്ചതാണെന്നുമാണ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ നേരത്തെ തന്നെ ആവർത്തിച്ച് വിശദീകരിച്ചിരുന്നത്.

അതേസമയം, പ്രിൻസിപ്പലിന്റെ പരിശോധനക്കായി ഓഫിസ് മുറി തുറന്നതിലും മറ്റൊരു പൂട്ടിട്ട് പൂട്ടിയതിലും മറ്റെന്തോ ഗൂഢ ലക്ഷ്യമുണ്ടെന്നും തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും ഡോ.ഹാരിസ് ആരോപിച്ചു.

എന്നാൽ, ഡോക്ടര്‍ ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാർ വ്യക്തമാക്കി. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോക്ടർ ഹാരിസിനോ അദ്ദേഹത്തിന്‍റെ അസിസ്റ്റന്റിനോ കൈമാറുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Tags:    
News Summary - trivandrum medical college principal and superintendent against dr haris chirakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.