ന്യൂഡൽഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ. സജീവെൻറ നിയമനം ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) റദ്ദാക്കി. ബോർഡ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള യോഗ്യത നിർണയിച്ച് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധി ലംഘിച്ച് നടത്തിയ നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആർ.എസ്. റാത്തോഡ് അധ്യക്ഷനായ ബെഞ്ച് സജീവെൻറ നിയമനം റദ്ദാക്കിയത്. മെംബർ സെക്രട്ടറിയുടെ നിയമനം റദ്ദാക്കുന്ന വിഷയത്തിൽ ജൂലൈ നാലിന് തീരുമാനമെടുക്കും.
26 വർഷത്തെപ്രവൃത്തിപരിചയമുണ്ടെന്നും എം.എസ്സി യോഗ്യതയുണ്ടെന്നും കാണിച്ച് സജീവൻ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് തള്ളിയാണ് 2010 മുതല്‍ പദവിയിലുള്ള സജീവൻ അയോഗ്യനാണെന്ന് ട്രൈബ്യൂണൽ വിധിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതിന് യോഗ്യതയും നടപടികളും നിശ്ചയിച്ച് ഹരിത ട്രൈബ്യൂണൽ, രാജേന്ദർ സിങ് ഭണ്ഡാരി കേസിൽ വിധി പ്രസ്താവിച്ചിരുന്നു. പരിസ്ഥിതിവിഷയങ്ങളിലെ വിദഗ്ധരെ മാത്രമേ നിയമിക്കാവൂ എന്നും മൂന്നുവർഷത്തേക്ക് സ്ഥിരം നിയമനം നൽകണമെന്നും വിധിയിലുണ്ടായിരുന്നു. ഇത് നടപ്പാക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും സംസ്ഥാനസർക്കാർ നടപടിയെടുക്കാതിരുന്നപ്പോൾ കഴിഞ്ഞ േമയ് രണ്ടിന് സജീവനോട് സത്യവാങ്മൂലം നൽകാൻ ട്രൈബ്യൂണൽ നിർേദശിച്ചിരുന്നു. ഇതേതുടർന്ന് നൽകിയ സത്യവാങ്മൂലമാണ് ൈട്രബ്യൂണൽ തള്ളിയത്. തമിഴ്നാട് അടക്കമുള്ള മറ്റു ചില സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻമാരെയും ഇതേ കാരണത്താൽ മാറ്റിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടത്തി മലിനീകരണനിയന്ത്രണബോര്‍ഡിന് പുതിയ ചെയര്‍മാനെ നിയമിക്കണമെന്നും ഒരുതവണ പദവിയിലിരുന്നവർക്ക് വീണ്ടും നിയമനം നൽകാൻ പാടില്ലെന്നുമുള്ള ചട്ടം ലംഘിച്ച് ഇടതുസര്‍ക്കാര്‍ സജീവന് തുടരാൻ അനുമതി നല്‍കുകയായിരുന്നു.
സജീവൻ മലിനീകരണനിയന്ത്രണബോർഡ് ചെയർമാനായിരിെക്ക, മലിനീകരണം നടത്തുന്ന കമ്പനികൾക്ക് പരിസ്ഥിതിസംരക്ഷണഅവാർഡ് നൽകിയതായി ആക്ഷേപമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.