തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമാധ്യാപകരുടെ ജില്ലക്കകത്തെ സ്ഥലംമാറ്റം നടപ്പാക്കാമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ്. ഒരുകൂട്ടം അധ്യാപകരുടെ പരാതിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജില്ലതല സ്ഥലംമാറ്റ നടപടികൾ സ്റ്റേ ചെയ്തിരുന്നു.
അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റ നടപടികൾ പൂർത്തിയായ ശേഷമേ ജില്ലക്കകത്തെ സ്ഥലംമാറ്റങ്ങൾ നടത്താവൂവെന്നാണ് മേയ് 29ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇത് പരാതിക്കാരായ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ എച്ച്.എസ്.എ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് എന്നീ വിഭാഗങ്ങൾക്ക് മാത്രമേ ബാധകമാവൂവെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവ്.
നേരത്തെ, സെൻസസ് ഡ്യൂട്ടിയുടെ പേരിൽ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നിർത്തിവെച്ചിരുന്നു. പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് സെൻസസ് ചുമതലയോ അന്തർജില്ല സ്ഥലംമാറ്റമോ ഇല്ല. ഇതിന്റെ പേരിൽ സ്ഥലംമാറ്റവും നിയമനവും തടസ്സപ്പെടുന്ന അവസ്ഥ വന്നതോടെ കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) സർക്കാറിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണൽ ഉത്തരവ് വീണ്ടും തടസ്സമായി. തുടർന്ന് ഈ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഗവ. പ്ലീഡർ ഇക്കാര്യം അറിയിക്കുകയും സ്റ്റേ മറ്റ് വിഭാഗങ്ങളിലെ പ്രഥമാധ്യാപകർക്ക് ബാധകമല്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുകയുമായിരുന്നു. അതേസമയം എല്ലാ വിഭാഗങ്ങളിലെയും അധ്യാപകരുടെ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.