ആർ. സുഗതൻ
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ചു. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ 51 പേർ അവധി അപേക്ഷയെ പിന്താങ്ങിയതായി മേയർ വി.വി. രാജേഷ് അറിയിച്ചു. യു.ഡി.എഫ് വിമതൻ സുധീഷിന്‍റെ പിന്തുണയിലാണ് സുഗതന്‍റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്.
മേയർ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി. പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് രംഗത്തെത്തി. എൽ.ഡി.എഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. കാപ്പ കേസ് പ്രതിയായ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. വിമതന്‍റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് വാഴോട്ടുകാണം വാർഡ് കൗൺസിലർ സുഗതന് കോർപറേഷൻ യോഗത്തിൽ ഹാജരാകുന്നതിൽ അവധി അനുവദിച്ചിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്‍റെ ആവശ്യം മുമ്പ് ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു. അതേസമയം, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ വോട്ടിനിട്ട് അവധി അംഗീകരിച്ചതോടെ സുഗതന്‍റെ കൗൺസിലർ സ്ഥാനം സുരക്ഷിതമായി തുടരും.
ബി.ജെ.പിക്ക് തൽക്കാലത്തേക്ക് അയോഗ്യത ഭീഷണിയിൽനിന്ന് രക്ഷപ്പെടാനുമാകും. 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന്‍ അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. അവധി അപേക്ഷ വോട്ടെടുപ്പില്‍ അംഗീകരിച്ചതോടെയാണ് ബി.ജെ.പി ഈ വെല്ലുവിളി മറികടന്നത്.
ജനങ്ങൾ തെരഞ്ഞെടുത്ത് വന്ന ഒരു കൗൺസിലറാണ് സുഗതനെന്നും അദ്ദേഹത്തിന്‍റെ അവധി അപേക്ഷയെ അംഗീകരിക്കണമെന്നാണ് തന്‍റെ നിലപാടെന്നും കോൺഗ്രസ് വിമത കൗൺസിലർ സുധീഷ് പ്രതികരിച്ചു. കാപ്പ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ കോടതിയുടെ വഴിക്ക് നടക്കട്ടെ. ഈ വിഷയത്തിന്‍റെ പേരിൽ കൗൺസിൽ യോഗ നടപടികൾ അസ്ഥിരപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. വിഷയത്തിൽ വ്യക്തിപരമായ നിലപാടാണ് സ്വീകരിച്ചത്. ഭാവിയിൽ തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതിനോടും പ്രതികരിക്കുമെന്നും സുധീഷ് കൂട്ടിച്ചേർത്തു.
സുധീഷിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു. അവധി അപേക്ഷയെ പിന്തുണച്ച സുധീഷ് കുമാർ കോൺഗ്രസോ യുഡിഎഫോ അല്ലെന്നും സംഘ്പരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും കെ.എസ് ശബരീനാഥ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.