തനിക്ക് രാഷ്ട്രീയ സ്വാധീനമില്ലെന്ന് ഒന്നാം റാങ്കുകാരൻ; പി.എസ്.സി പരീക്ഷ ക്രമക്കേടിൽ പ്രതികരിച്ച് അരുൺ ജെ. പ്രതാപ്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേട് വിവാദത്തിലെ ആരോപണങ്ങൾ തള്ളി ആസൂത്രണ ബോർഡ് ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയിലെ ഒന്നാംറാങ്കുകാരൻ അരുൺ ജെ. പ്രതാപ്.

തനിക്ക് നിയമനം നൽകാൻ ആസൂത്രിത ശ്രമം നടന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. താൻ കെ.ജി.ഒ.എ അംഗം മാത്രമാണ്, നേതാവല്ല. 12 വർഷം തദ്ദേശ വകുപ്പിൽ ജോലി ചെയ്തു. പൊന്നാനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ആസൂത്രണ ബോർഡ് പരീക്ഷ എഴുതിയതും നിയമനം ലഭിച്ചതും. തനിക്കൊരു രാഷ്ട്രീയ സ്വാധീനവുമില്ല. അങ്ങനെ ആയിരുന്നെങ്കിൽ തനിക്ക് നാട്ടിൽ തന്നെ ജോലി നേടാമായിരുന്നു. ഏതൊരു വ്യക്തിയും പരീക്ഷ എഴുതുന്ന പോലെയാണ് താൻ എഴുതിയതും ഇൻറർവ്യൂവിൽ പങ്കെടുത്തതും. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അരുൺ പറയുന്നു.

എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയില്ലെങ്കിലും ആരെങ്കിലും റാങ്ക്ലിസ്റ്റിൽ വരുമല്ലോ. അങ്ങനെയാവാം താൻ ഒന്നാമനായത്. പി.എസ്.സി ഉദ്യോഗസ്ഥരുമായി തനിക്ക് ബന്ധമില്ല. ഇന്‍റർവ്യൂ ബോർഡിലുണ്ടായിരുന്നത് പി.എസ്.സി ബോർഡ് ചെയർമാൻ ആയിരുന്നോ എന്നറിയില്ല. എസ്.ഐ.ടി അന്വേഷണം നടക്കട്ടെ എന്നും അരുൺ ജെ. പ്രതാപ് പറഞ്ഞു. നിയമനം ലഭിച്ച അരുൺ നിലവിൽ സർവിസിലുണ്ട്. എസ്.ഐ.ട. അന്വേഷണ റിപ്പോർട്ടിനും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലെ വിധിക്കും അനുസരിച്ചായിരിക്കും സർവിസിലെ ഇദ്ദേഹത്തിന്‍റെ ഭാവി. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാനിങ് കോഓഡിനേഷൻ തസ്തികകളിലെ പരീക്ഷകളിൽ ഉദ്യോഗാർഥികളുടെ പരാതിയിൽ ട്രൈബ്യൂണലിൽ കേസുണ്ട്.

ഈ രണ്ട് തസ്തികകളിലെയും നിയമനം ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായിരിക്കുമെന്ന് പി.എസ്.സി ഉത്തരവിട്ടിരുന്നു. അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷയിലുൾപ്പെടെ ക്രമക്കേടിലൂടെ ഇടത് സംഘടന നേതാക്കൾക്കും അനുകൂലികൾക്കും നിയമനം ലഭിച്ചെന്ന വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പി.എസ്.സിയിലെ ഉന്നതരുൾപ്പെടെ പല നിയമനങ്ങളിലും ഇടപെട്ടതിനുള്ള തെളിവുകൾ ഉദ്യോഗാർഥികളിൽ പലരും എസ്.ഐ.ടിക്ക് കൈമാറി. ആ സാഹചര്യത്തിൽ വിവിധ പരീക്ഷകളെക്കുറിച്ച് വിശദ അന്വേഷണം നടത്താനാണ് എസ്.ഐ.ടി തീരുമാനം. നിലവിലെ അന്വേഷണസംഘം വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എസ്.ഐ.ടി കത്ത് നൽകും. നടത്തിയ പരീക്ഷയുടെ ഓൺലൈൻ മാർക്കിങ് രേഖകൾ സൂക്ഷിച്ച് വെക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സിക്ക് എസ്.ഐ.ടി കത്ത് നൽകി.

കേരഫെഡ് എൽ.ഡി ക്ലർക് പരീക്ഷയിലും ക്രമക്കേടെന്ന് പരാതി

തിരുവനന്തപുരം: പി.എസ്‌.സി നടത്തിയ കേരഫെഡ് എല്‍.ഡി ക്ലര്‍ക് പരീക്ഷയിലും ക്രമക്കേടെന്ന് പരാതി. റാങ്ക് പട്ടിക അട്ടിമറിക്കാന്‍ പി.എസ്.സിയിലെ ഉന്നതൻ ഇടപെട്ടെന്നും ഒഴിവ് നികത്താതെ പട്ടിക റദ്ദാക്കാന്‍ ഈ ഉന്നതൻ നിര്‍ദേശം നല്‍കിയെന്നും പരാതിക്കാരനായ ഉദ്യോഗാർഥി ആരോപിക്കുന്നു. ഹൈകോടതിയുടെ അനുമതി വാങ്ങാതെയാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നിയമനം നടത്തണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ രൂക്ഷമായി പ്രതികരിച്ചതായും പരാതിയുണ്ട്. പരാതി പരിശോധിച്ച അന്വേഷണ സംഘം ഉദ്യോഗാർഥിയുടെ മൊഴി രേഖപ്പെടുത്തി.

കേരഫെഡില്‍ 23 ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. ഈ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പി.എസ്‌.സിക്ക് കത്ത് നല്‍കിയത് അവഗണിച്ചായിരുന്നു പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. സര്‍ക്കാറിന്‍റെ കത്ത് ഉള്‍പ്പടെയുള്ള തെളിവുകളുമായാണ് ഉദ്യോഗാര്‍ഥി പി.എസ്.സി അധികൃതരെ സമീപിച്ചത്. എന്നാല്‍, രൂക്ഷ ഭാഷയിലായിരുന്നു അധികൃതരുടെ പ്രതികരണമെന്ന് പരാതിയില്‍ പറയുന്നു.

Tags:    
News Summary - Arun J. Pratap responds to PSC exam irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.