ശബരിമല നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്.

കൃത്രിമം നടന്നത് എവിടെ വെച്ചാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മിൽമയുടെ പാക്കറ്റുകളിലാണ് ശബരിമലയിൽ നെയ്യ് എത്തിച്ചത്. പമ്പയിലെ ലാബിൽ പരിശോധന നടത്തിയിട്ടുണ്ട്. പമ്പയിൽ വെച്ചോ കൊണ്ടുപോകുന്ന സമയത്ത് വഴിയിൽ വെച്ചോ പാക്കറ്റുകൾ മാറ്റിയിട്ടുണ്ടാകാം. ഇത് വിശദ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാകൂ. ഇക്കാര്യങ്ങൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. അതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും ദേവസ്വം സെക്രട്ടറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ശബരിമലയിലേക്ക് മിൽമ കൊണ്ടുവന്ന നെയ്യ് മാറ്റി ഗുണനിലവാരമില്ലാത്ത നെയ്യ് ഉൾപ്പെടുത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മിൽമ ജീവനക്കാരുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ആസൂത്രണത്തോടെയാണ് ഇതെന്നാണ് ദേവസ്വം വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീര സഹകാരിയായ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ പദവി വഹിക്കുന്ന വ്യക്തിയാണ് ഇടനിലക്കാരനെന്നാണ് കണ്ടെത്തൽ. ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാർ ഉറപ്പിക്കുന്നതിലും പമ്പയിൽനിന്ന് പരിശോധനയില്ലാതെ നെയ്യ് സന്നിധാനത്തേക്ക് കടത്തിവിട്ടതിലും ഈ ഉദ്യോഗസ്ഥൻ സ്വാധീനം ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്.

കരാറുകാരന്‍റെയും മിൽമ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച സാവകാശവും ദേവസ്വം വിജിലൻസ് തേടി. വിജിലൻസിന്‍റെ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർക്ക് ഈ ക്രമക്കേടിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കി.

Tags:    
News Summary - Sabarimala ghee scam: Devaswom Secretary's report calls for Crime Branch investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.