തിരുവനന്തപുരം: ആസൂത്രണ വകുപ്പ് ചീഫ് തസ്തികകളിൽ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കുന്ന നടപടികളുമായി പി.എസ്.സിക്ക് മുന്നോട്ടു പോകാമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. പുനർമൂല്യനിർണയം തടയണമെന്ന ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിലെ ഒന്നാംറാങ്കുകാരന്‍റെ ആവശ്യം ട്രൈബ്യൂണൽ തള്ളി. പെർസ്‌പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ, പ്ലാനിങ് ആൻഡ് കോഓഡിനേഷൻ, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികകളിലേക്കു നടത്തിയ പൊതുപരീക്ഷയാണ് വിവാദങ്ങൾക്കിടയാക്കിയത്.
പരീക്ഷയിൽ ഒമ്പതു മുതൽ 18 വരെയുള്ള ഉത്തരങ്ങൾ മൂല്യനിർണയം നടത്തില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പി.എസ്.സി പുനർമൂല്യനിർണം ആരംഭിച്ചിരുന്നു. വീണ്ടും മൂല്യനിർണയം നടത്തുന്നതോടെ റാങ്ക് ലിസ്റ്റ് മാറിമറിയുകയും നിലവിലെ നിയമന ശിപാർശയിൽ മാറ്റംവരികയും ചെയ്യും. ഇതിനെതിരെയാണ് നിയമനം ലഭിച്ച ഒന്നാംറാങ്കുകാരൻ ട്രൈബ്യൂണലിനെ സമീപിച്ചത്.
തന്‍റെ ഉത്തരക്കടലാസിലും 58 മാർക്ക് ലഭിക്കേണ്ട ഉത്തരങ്ങൾ മൂല്യനിർണയം ചെയ്തിരുന്നില്ല. ശരിയായി മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ കൂടുതൽ മാർക്ക് ലഭിക്കുമായിരുന്നു. ഒരു വർഷം മുമ്പ് നൽകിയ നിയമന ശിപാർശ ഭേദഗതി ചെയ്യാനോ മാറ്റം വരുത്താനോ പി.എസ്.സിക്ക് അധികാരമില്ല തുടങ്ങിയ വാദങ്ങളാണ് ഹരജിക്കാരൻ മുന്നോട്ടുവെച്ചത്. എന്നാൽ, അഞ്ചാം റാങ്കുകാരൻ നൽകിയ ആദ്യ കേസിൽ ജൂൺ 24ന് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഒന്നാംറാങ്കുകാരന് നൽകിയ നിയമന ശിപാർശയും നിയമനവും തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നാണ് ജൂൺ 24ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്. തന്‍റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി, റാങ്ക് പട്ടികയും ഒന്നാംറാങ്കുകാരന്‍റെ നിയമനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആദ്യ കേസ് നൽകിയത്. ഇതോടെയാണ് സംഭവം പുറത്തുവന്നത്. ഈ വിഷയത്തിലെ മറ്റു രണ്ടു കേസുകളടക്കം നാലു കേസുകളും ഒന്നിച്ചാണ് ട്രൈബ്യൂണൽ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.