കണ്ണൂർ: പാലത്തായി കേസിലെ പ്രതി കുനിയിൽ പത്മരാജനെതിരായ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധി സർക്കാർ ചോദിച്ചുവാങ്ങിയ തിരിച്ചടി. പ്രതിയുടെ അപ്പീൽ ഹൈകോടതിയിൽ എത്തിയത് മുതൽ സർക്കാർ അഭിഭാഷകർ നടത്തിയ എല്ലാ നീക്കവും ദുരൂഹതയുള്ളതാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഒരുനീക്കവും നടത്തിയിട്ടില്ലെന്നാണ് പ്രധാന പരാതി. ഇത്രയും വിവാദമായ കേസിൽ മുതിർന്ന അഭിഭാഷകരെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അക്കാര്യം ഡി.ജി.പിയുടെ ഓഫിസ് ഗൗനിച്ചില്ല.
പാലത്തായി കേസ് നന്നായി അറിയാവുന്നയാളും നാട്ടുകാരനും കൂടിയാണ് നിലവിലെ ഡി.ജി.പി. കേസിൽ ഇദ്ദേഹം നേരിട്ടോ അല്ലെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടറെയോ നിയമിക്കണമെന്ന് പലരും ഉന്നയിച്ചെങ്കിലും നടന്നില്ല. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് ഹാജരായ കേസാണ് ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത്. ഗവ. പ്ലീഡറുടെ നടപടികളിൽ തുടക്കം മുതൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
പ്രതിയുടെ അപ്പീലും ഇരയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് പാനൂർ സ്റ്റേഷനിലെ വനിത ഓഫിസർ സാധാരണവേഷത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മാതാവിനെ ബോധ്യപ്പെടുത്തണമെന്ന ഉത്തരവ് പാലിക്കാതെയാണ് ഇവർ ഹൈകോടതിയിൽ ആദ്യറിപ്പോർട്ട് സമർപ്പിച്ചത്.
കുടംബമറിയാതെ നൽകിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമസഹായം നൽകാനായി ഒരഭിഭാഷകനെ കോടതി നിയോഗിച്ചു. ഇക്കാര്യം ആഗസ്റ്റ് ആറിന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വിവാദമായതോടെ ഇരയുടെ മാതാവിനെ കാണാൻ പാനൂർ സ്റ്റേഷനിലെ വനിത ഓഫിസറെത്തി. കുട്ടിയുടെ മാതാവ് ഹൈകോടതിയിൽ നേരിട്ടെത്തി ആവശ്യപ്പെട്ട പ്രകാരം അഡ്വ. സൂരജ് എരഞ്ഞിക്കലിനെ നിയമിക്കുകയും ചെയ്തു. ആദ്യം റിപ്പോർട്ട് നൽകുകയും പിന്നീട് ജഡ്ജിയുടെ ഉത്തരവ് നടപ്പാക്കുകയും ചെയ്യുന്ന നടപടിയാണ് സർക്കാർ അഭിഭാഷക സ്വീകരിച്ചത്.
കുട്ടി പീഡിപ്പിക്കപ്പെട്ട ശൗചാലയം, സമയം, മുൻ മൊഴികളിലെ വൈരുധ്യം തുടങ്ങിയ കാര്യങ്ങളെല്ലാം വിചാരണകോടതിയിലും പ്രതിഭാഗം ഉന്നയിച്ചതാണ്. പീഡനസ്ഥലം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ തയാറാക്കിയ വിഡിയോ ഹൈകോടതിയിലും അവതരിപ്പിച്ചു. ജൂണിൽ ആദ്യം പരിഗണിച്ച കേസ് ഒക്ടോബറിലേക്കാണ് മാറ്റിവെച്ചിരുന്നത്. കേസ് ഉടൻ എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോൾ സർക്കാർ അഭിഭാഷക നൽകിയ ഒബ്ജക്ഷൻ റിപ്പോർട്ട് ദുർബലമാണെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.