പ്രതിപക്ഷ ഉപനേതൃപദവി തർക്കം; സംയമനത്തിൽനിന്ന് പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം: ഒന്നിച്ചുനീങ്ങാനുള്ള മുന്നണി തീരുമാനത്തിന്‍റെ ചൂടാറും മുമ്പേ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എൽ.ഡി.എഫിൽ വീണ്ടും കൊമ്പുകോർക്കലും പൊട്ടിത്തെറിയും. ഉപനേതൃപദവി സി.പി.എമ്മിന് തന്നെയെന്നതിൽ ഒരു സംശയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതിന് പിന്നാലെ, പിണറായിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതക്കും നിരക്കുന്നതല്ലെന്ന് തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

പ്രതിപക്ഷ മുന്നണിയെ നയിക്കുന്ന നേതാവിന് രാഷ്ട്രീയ പക്വതയില്ലെന്നവിധത്തിൽ മുന്നണിയിലെ രണ്ടാം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രതികരിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചത്. സി.പി.ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നുകൂടി വ്യക്തമാക്കിയതോടെ നേർക്കുനേർ പോരിന്‍റെ രൂക്ഷത മുന്നണിയിൽ നിറയുകയാണ്. രണ്ടു പാർട്ടികളും ചർച്ചക്കായി മാറ്റിവെച്ച വിഷയത്തിൽ തീർപ്പെന്ന പോലെ പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി അഭിപ്രായം പറഞ്ഞതിൽ കടുത്ത അമർഷത്തിലാണ് സി.പി.ഐ. പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.എം തുടക്കം മുതൽ സ്വീകരിച്ചിത് നിഷേധാത്മക നിലപാടാണെങ്കിലും ക്രമേണ ഏകപക്ഷീയവും മുന്നണിമര്യാദകൾക്ക് നിരക്കാത്ത പരിഹാസ സ്വഭാവത്തിലുമാകുന്നുവെന്നാണ് സി.പി.ഐ വിലയിരുത്തൽ.

രണ്ടു പാർട്ടികളും തമ്മിൽ ചർച്ച തുടരുന്നതിനാൽ മുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കേണ്ടെന്ന സി.പി.എം നിർദേശം പരിഗണിച്ച് എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ വിഷയം പരാമർശിച്ചിരുന്നില്ല. തങ്ങളുടെ നിലപാടിനെ സി.പി.എം അനുനയപൂർവം കാണുന്നുവെന്ന വിലയിരുത്തലായിരുന്നു ഈ സംയമനത്തിന് കാരണം. ഈ അയഞ്ഞ സമീപനമാണ് മൂന്നുമാസത്തെ അനിശ്ചിതത്വത്തിനുശേഷം മുന്നണി യോഗം ചേരാൻ വഴിയൊരുക്കിയത്. എന്നാൽ, പ്രതിപക്ഷ നേതാവിന്‍റെ പുതിയ പരാമർശത്തോടെ മുന്നണി യോഗത്തിലെ സംയമനം അസ്ഥാനത്തായെന്ന തോന്നൽ സി.പി.ഐയിലുണ്ട്. ഉഭയകക്ഷി ചർച്ചകൾ തുടരുന്ന ഘട്ടത്തിലും പ്രതിപക്ഷ നേതാവ് ഇത് മൂന്നാംതവണയാണ് ഏകപക്ഷീയമായി നിലപാട് ആവർത്തിക്കുന്നത്.

Tags:    
News Summary - Opposition Deputy Leader Dispute: Clash again in the LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.