തിരുവനന്തപുരം: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് വാർത്തകളുടെ കാർഡുകൾ നീക്കിയത് സംസ്ഥാന സർക്കാറിന്റെയോ മുഖ്യമന്ത്രിയുടെയോ നിർദേശപ്രകാരമല്ലെന്ന് മെറ്റ വിശദീകരണം. കേരള പൊലീസിന് ഔദ്യോഗികമായി നൽകിയ മറുപടി കത്തിലാണ് മെറ്റ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവോ നിർദേശമോ സർക്കാർ നൽകിയിട്ടില്ലെന്നും മെറ്റ അറിയിച്ചു.
സർക്കാറിന് താൽപര്യമില്ലാത്ത വാർത്തകളും കാർഡുകളും നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടായെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിക്കുന്നതിനിടെയാണ് മെറ്റയുടെ വിശദീകരണം. റിപ്പോർട്ടർ ചാനലിന്റെ 16 വാർത്താകാർഡുകൾ നീക്കിയത് സർക്കാർ പറഞ്ഞിട്ടല്ല. ഓട്ടോമേറ്റഡ് സിസ്റ്റത്തിലെ സാങ്കേതിക പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചത്.
പിന്നീട് ഇവ വീണ്ടെടുത്തെന്നും മെറ്റ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. സർക്കാറിന്റെയോ കോടതിയുടെയോ പൊലീസ് പോലെയുള്ള ലോ എൻഫോഴ്സ്മെന്റ് അതോറിറ്റിയുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല ചാനലിന്റെ 16 കണ്ടന്റുകൾ ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കംചെയ്തത്. ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പിഴവുകൊണ്ടാണത് സംഭവിച്ചത്. ആഗസ്റ്റ് 15ന് ഈ 16 കണ്ടന്റുകളും വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടെന്നും വിശദീകരണ മറുപടിയിൽ മെറ്റ വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഉള്ളടക്കം ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് മെറ്റ നീക്കംചെയ്തെന്നും ഇതിനു പിന്നിൽ സർക്കാർ ഇടപെടലുണ്ടായെന്നുമായിരുന്നു രാഷ്ട്രീയാരോപണം.
എന്നാൽ, ഇക്കാര്യത്തിൽ ഒരു നിർദേശവും മെറ്റക്ക് നൽകിയില്ലെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയത്. വിവാദം തുടരുന്നതിനിടെയാണ് എന്തുകൊണ്ടാണ് ഉള്ളടക്കം നീക്കം ചെയ്തതെന്ന് ആരാഞ്ഞ് കേരള പൊലീസ് സൈബർ ഡിവിഷൻ എസ്.പി അങ്കിത് അശോക് മെറ്റക്ക് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.