വെള്ളാപ്പള്ളി നടേശൻ


‘വർഗീയതക്ക് വളംവെക്കുന്ന പരാമർശം’; വെള്ളാപ്പള്ളിക്കെതിരെ സി.പി.എം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും. മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശം വർഗീയതക്ക് വളംവെക്കുന്നതാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സി.പി.എം എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളെ സംഘടിപ്പിച്ച് സാമൂഹിക മാറ്റത്തിന് പ്രവര്‍ത്തിക്കുന്ന പാർട്ടിയാണ്‌. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയത് അസംബന്ധമായ പരാമർശമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. കുറുക്കുവഴികളിലൂടെ നേതാവാകുന്ന ആരും സി.പി.എമ്മിലില്ല. ജനങ്ങൾ കാണുന്ന പ്രവർത്തനങ്ങളിലൂടെയാണ് സി.പി.എമ്മിലെ നേതാക്കൾ വളർന്നുവരുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ അവജ്ഞാപൂർവം തള്ളിക്കളയുകയാണെന്നും പിണറായി തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളാപ്പള്ളിക്ക് കടുത്ത മുസ്‍ലിം വിരോധം -കെ.കെ. രാഗേഷ്

കണ്ണൂർ: വെള്ളാപ്പള്ളി നടേശന്റെ കടുത്ത മുസ്‍ലിം വിരോധമാണ്‌ സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനമെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്‌. മുസ്‍ലിം നാമധാരികളായ സി.പി.എം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലിയാണ്‌.

തികച്ചും മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് നീചമാണ്. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ പാർട്ടി ജനാധിപത്യപരമായ രീതിയിൽ നടത്തി പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും അറിയിച്ചതാണ്. വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Promotes communalism; CPM Secretariat against Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.