അഗളി: അട്ടപ്പാടിയിൽനിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കയച്ച ആദിവാസി മധ്യവയസ്കെൻറ മൃതദേഹം വിട്ടുനൽകാതെ ആശുപത്രി അധികൃതർ ബന്ധുവിനെ പുറത്താക്കി. ബാഗും സാമഗ്രികളും ആശുപത്രിക്കുള്ളിൽ അകപ്പെട്ടതോടെ 40 കിലോമീറ്റർ നടന്നെത്തിയാണ് ഇയാൾ അട്ടപ്പാടിയിൽ അധികൃതർക്ക് മുന്നിൽ പരാതി നൽകിയത്. വെങ്കക്കടവ് ഊരിലെ കുഞ്ഞിരാമനാണ് (55) മരിച്ചത്.
കഴിഞ്ഞ 23ന് രാത്രിയാണ് കുഞ്ഞിരാമൻ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സക്കെത്തിയത്. വിദഗ്ധ ചികിത്സക്കായി രാത്രിതന്നെ കോയമ്പത്തൂരിലേക്ക് ബന്ധുവായ മണിക്കുട്ടിക്കൊപ്പം അയച്ചു. ഹൃദയസംബന്ധമായ അസുഖം ഗുരുതരമായതിനാൽ ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിരാമൻ ഛർദ്ദിച്ചതോടെ ഇത് വൃത്തിയാക്കാൻ ബന്ധുവിനോട് ആവശ്യപ്പെട്ടു. ഇതിനായി െഎ.സി.യുവിൽ പ്രവേശിച്ച ബന്ധുവിെൻറ പണമടങ്ങുന്ന സഞ്ചി അവിടെ അകപ്പെട്ടു. രോഗിയെ സംബന്ധിച്ച വിവരം നൽകാനും അധികൃതർ തയാറായില്ല.
24ന് രാത്രി ഒമ്പതിന് കുഞ്ഞിരാമൻ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും മൃതദേഹം കാണാൻ അനുവദിച്ചില്ല. രോഗി മരിച്ചതിനാൽ ഇവിടെ നിൽക്കേണ്ടതില്ലെന്നും മൃതദേഹം വാഹനത്തിൽ അട്ടപ്പാടിയിലെത്തിക്കുമെന്നും അവർ മണിക്കുട്ടിയെ അറിയിച്ചു. െഎ.സി.യുവിലകപ്പെട്ട സഞ്ചി ആവശ്യപ്പെട്ടതോടെ സുരക്ഷ ജീവനക്കാരൻ ഇയാളെ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളി. തുടർന്ന്, രണ്ടുനാൾ ആശുപത്രി കോമ്പൗണ്ടിൽ അലഞ്ഞ മണിക്കുട്ടി ബുധനാഴ്ച പുലർച്ച അട്ടപ്പാടി ഷോളയൂരിലെ ബന്ധുവീട്ടിൽ 40 കിലോമീറ്ററോളം നടന്നെത്തി വിവരം അറിയിച്ചു.
തുടർന്ന്, ബുധനാഴ്ച മൂന്ന് മണിയോടെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഈശ്വരി രേശൻ പാലക്കാട് കലക്ടറെ വിവരം ധരിപ്പിച്ചു. കലക്ടർ തമിഴ്നാട് അധികൃതരുമായി ബന്ധപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.