തിരുവനന്തപുരം: അധികാരാരോഹണത്തിന്റെ ആരവങ്ങൾ ഒരു ഭാഗത്ത് കളം നിറയുമ്പോൾ മറുഭാഗത്ത് തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേർന്ന സി.പി.എം യോഗങ്ങളിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ വിചാരണയുടെ കൊടിയേറ്റം. അണികൾക്ക് ‘സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പറയാ’മെന്ന ലൈസൻസ് കീഴ്ഘടകങ്ങൾക്ക് നൽകിയിരുന്നു. ഇതോടെ രണ്ട് ദിവസങ്ങളിലായി ചേരുന്ന ജില്ല തല അവലോകനങ്ങളിൽ രോഷം അണപൊട്ടി. എല്ലാം തുറന്നു പറയാനുള്ള അവസരം നൽകുന്നത് തിരിച്ചടിയാകുമോ എന്ന പാർട്ടി നേതൃത്വത്തിന്റെ ആശങ്കകൾ അടിവരയിടുംവിധമാണ് കണ്ണൂരും കോഴിക്കോടും പത്തനംതിട്ടയും കൊല്ലവും ആലപ്പുഴയും പിന്നിട്ട് തിരുവനന്തപുരത്തേക്ക് എത്തുമ്പോഴുള്ള സാഹചര്യം. ഇത് തിരിച്ചറിഞ്ഞാണ് പിണറായി വിജയനെയും എം.വി ഗോവിന്ദനെയും സംരക്ഷിക്കുംവിധമുള്ള പരാമർശങ്ങളുമായി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ രംഗത്തെത്തിയത്.
പിണറായി വിജയന്റെ ഏകാധിപത്യ ശൈലിക്കെതിരെയാണ് അതിരൂക്ഷ വിമർശനങ്ങളിൽ ഏറെയും. ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിച്ചതിലും കമ്യൂണിസ്റ്റ് രീതികൾക്കു നിരക്കാത്ത ശൈലികളിലും അനുചിതവും പരിഹാസ്യമായ അഭിപ്രായപ്രകടനങ്ങളിലുമാണ് എം.വി ഗോവിന്ദന് നേരെ ജില്ലകളിലെ കുറ്റപത്രം. കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിയോഗിച്ചതിലും ജില്ല കമ്മിറ്റികളിൽ വിമർശനമുയർന്നു. പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും എം.വി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം ഉയരുന്നതിലേക്ക് കാര്യങ്ങളെത്തി.
സെക്രട്ടറിയെ മാറ്റി പുതിയയാളെ കണ്ടെത്താൻ പാർട്ടി സമ്മേളനം വരെ കാത്തിരിക്കേണ്ടെന്നും മാറ്റമുണ്ടാകാതെ അധികം മുന്നോട്ടുപോകാനാകില്ലെന്നും ജില്ല കമ്മിറ്റി അംഗങ്ങൾ തുറന്നു പറഞ്ഞു.പൊളിറ്റ് ബ്യൂറോയിലെ വോട്ടെടുപ്പിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ധാരണയുണ്ടായതെന്ന വിവരം പുറത്തുവന്നതും വിമർശനങ്ങളുടെ മൂർച്ച കൂട്ടി. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കണ്ണൂരിലടക്കം അടിവേരറുക്കുംവിധം ഗുരുതരമായിട്ടും തിരിച്ചറിയാനായില്ലെന്ന് മാത്രമല്ല ഗൗനിച്ചതുമില്ല. വെള്ളാപ്പള്ളി നടേശനെ സ്വീകരിച്ചിരുത്തുക വഴി, അദ്ദേഹത്തിന്റെ വിദ്വേഷ പരാമർശങ്ങൾക്ക് രക്ഷാകർതൃത്വം നൽകുന്നുവെന്ന പ്രതീതിയുണ്ടാക്കി. ഇതാകട്ടെ, ന്യൂനപക്ഷ വോട്ടുകളെ വലിയ തോതിൽ പാർട്ടിയിൽനിന്നകറ്റി.
പാർട്ടി താൽപര്യങ്ങൾക്ക് പകരം കുടുംബ താൽപര്യങ്ങൾക്ക് പ്രാമുഖ്യമുണ്ടായതാണ് തളിപ്പറമ്പിലടക്കം സംഭവിച്ചതെന്നാണ് കൊല്ലത്തുയർന്ന വിമർശനം. ആഗോള അയ്യപ്പ സംഗമം അബദ്ധമായെന്ന വിലയിരുത്തലാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കുള്ളത്. അടിയുറച്ച പാർട്ടി പ്രവർത്തകർപോലും പിണറായി വിരുദ്ധതയിൽ യു.ഡി.എഫിനു വോട്ട് ചെയ്തുവെന്നാണ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.