വിദ്യാർഥികളെ അപമാനിച്ചതിന് കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് എം.എസ്.എഫ്

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച മുൻ മന്ത്രി കെ.ടി ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് എം.എസ്.എഫ്. വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുന്ന രൂപത്തിൽ സംസാരിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.

‘ജലീലി​ന്റേത് ബാലാവകാശ വിരുദ്ധ പ്രവർത്തനമാണ്. ഇതിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം. വിദ്യാർഥികളോടും പൊതുസമൂഹത്തോടും അദ്ദേഹം മാപ്പ് പറയണം. ഒരു മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉണ്ടാവേണ്ട ഭാഷയോ പ്രവണതയോ അല്ല ജലീലിന്റെ ഭാഗത്ത് ദിന്ന് ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാൻ കഴിയുന്നതല്ല. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിച്ച് കേസ് എടുക്കാൻ എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടും’ -ഭാരവാഹികൾ പറഞ്ഞു.

വിജയോത്സവ ചടങ്ങിനിടെ വിദ്യാർഥികളെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ജലീൽ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തത്. നഗരസഭയുടെ 19, 20, 22 വാർഡുകളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയകയിരുന്നു കെ.ടി ജലീൽ. ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെയാണ് അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ട ജലീൽ, എഴുത്തിൽ ചെറിയ പിഴവുകൾ സംഭവിച്ചപ്പോൾ കുട്ടികളെ തിരുത്തുകയും പരസ്യമായി ശാസിക്കുകയുമായിരുന്നു.

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’ എന്ന് സദസ്സിന് മുന്നിൽ വെച്ച് ചോദിച്ചാണ് ജലീൽ കുട്ടികളെ നാണംകെടുത്തിയത്. ഇതിനു പിന്നാലെ കുട്ടികളെ വേദിയിൽ വെച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വായനാശീലം വളർത്തണമെന്നും മൊബൈൽ ഫോൺ അറിവ് വർധിപ്പിക്കാൻ ഉപയോഗിക്കണമെന്നും വിദ്യാർഥികളെ ഉപദേശിക്കുകയും ചെയ്തു.

News Summary - MSF demands Child Rights Commission case against K.T. Jaleel for insulting students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.