തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷണത്തോട് സഹകരിക്കുമെന്ന് പി.എസ്.സി. ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം. കമ്മീഷന്റെ വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിലാണെന്നും വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
ക്രമക്കേടിനെ കുറിച്ച് പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിൽ കമീഷനിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുനു. ആഭ്യന്തര അന്വേഷണത്തിന്റെ പേരിൽ എസ്.ഐ.ടി അന്വേഷണത്തോട് സഹകരിക്കാതിരിക്കാനും ഫയലുകൾ പിടിച്ചുവെക്കാനും ഇവർ നീക്കം നടത്തിയിരുന്നു. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ രേഖകളും നിയമപരമായി വിട്ടുനൽകാൻ ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായി.
‘ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പിഎസ്‌സി. കമ്മീഷനെക്കുറിച്ച് നിലവിൽ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ടത് കമ്മീഷന്റെ കൂടി ആവശ്യമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ രേഖകളും നിയമപരമായി വിട്ടുനൽകാൻ കമ്മീഷൻ തയ്യാറാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം ഉദ്യോഗാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചും പിഎസ്‌സി തുടർന്നും പ്രവർത്തിക്കും’ - കമ്മീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.
അതിനിടെ, ആസൂത്രണ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഐ.ജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി ഉടൻ പി.എസ്.സിക്ക് ഔദ്യോഗികമായി കത്ത് നൽകും. പരാതിക്കാരെ കഴിഞ്ഞ ദിവസം എസ്.ഐ.ടി തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ചയും പരാതിക്കാരോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിജിലൻസ് അന്വേഷണ സംഘത്തിന് പി.എസ്.സി ചെയർമാനിൽനിന്ന് മൊഴിയെടുക്കാൻ അനുമതി നൽകിയിട്ടില്ല. പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ഫയലുകൾ വിളിച്ചുവരുത്താനും മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. അന്വേഷണം പ്രഖ്യാപിച്ചതോടെ നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി സർക്കാറിനെയും ക്രൈംബ്രാഞ്ചിനെയും സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.