കണ്ണൂർ: അയോധ്യ രാമക്ഷേത്ര കൊള്ളക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിശ്വാസത്തിന്റെ പേരിൽ ബി.ജെ.പിയും സംഘപരിവാറും ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപവത്കരിച്ച ട്രസ്റ്റിലാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പാവപ്പെട്ട വിശ്വാസികൾ തങ്ങളുടെ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്. ഇതിനെ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഈ വിഷയത്തിൽ ആർ.എസ്.എസ് പ്രകടിപ്പിച്ച ഖേദത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ‘മോഷണം നടത്തിക്കഴിഞ്ഞിട്ട് ഒരു കള്ളൻ ഖേദം പ്രകടിപ്പിച്ചാൽ മതിയോ? സ്വർണ്ണവും പണവും മോഷ്ടിച്ച മോഷ്ടാക്കൾ തന്നെ ഖേദിക്കുന്നു എന്ന് പറഞ്ഞാൽ തീരുന്നതാണോ ഈ തട്ടിപ്പ്?’ എന്ന് അദ്ദേഹം ചോദിച്ചു. വി.എച്ച്.പിയുടെ ഉന്നത നേതാക്കളാണ് ഈ കേസിൽ പ്രതികളെന്ന കാര്യവും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും സംഘപരിവാറും അയോധ്യയിൽ മാത്രമല്ല, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ഹിന്ദുക്കളുടെ പവിത്രമായ ആരാധനാലയങ്ങളെയും കൊള്ളയടിക്കാനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് ദൈവം എന്നത് വിശ്വാസത്തിന്റെ അടയാളമല്ല, മറിച്ച് ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സി.ബി.ഐ, ഇ.ഡി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യ പ്രസ്ഥാനങ്ങളെ തകർക്കാനും പിളർത്താനും മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്നും, ഇതിനെതിരെ ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം വൈകുന്നതുമായുള്ള ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. മന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന കെ.പി.സിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ആഗ്രഹം അനുസരിച്ചുള്ള ഒരു പുതിയ സംവിധാനം പാർട്ടി ആലോചിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.