'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ ഗുരുതര ക്രമക്കേട്; അഷീലിനെതിരെ നടപടിക്ക് നിർദേശം

തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിരോധത്തിന് സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ചകളും കണ്ടെത്തി ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് ശുപാർശ ചെയ്തു. 4.89 കോടി രൂപ ചെലവഴിച്ച പദ്ധതിക്ക് സർക്കാർ അനുമതി പോലും ഉണ്ടായിരുന്നില്ല. പദ്ധതി നടത്തിപ്പിന് സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയിരുന്നില്ല. സാമൂഹ്യ സുരക്ഷാ മിഷന് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് ലഭിച്ചോ എന്നത് പരിശോധിക്കും. സാനിറ്റൈസർ ഉത്പാദനത്തിന് സർക്കാർ അനുമതി ഉണ്ടായിരുന്നില്ല, ലൈസൻസ് ഇല്ലാതെ ജയിൽ വകുപ്പിന് ഉത്പാദന അനുമതി നൽകി തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ടെൻഡർ നടപടികൾ പാലിക്കാതെയും എസ്റ്റിമേറ്റ് തയ്യാറാക്കാതെയുമാണ് മിക്ക ഇടപാടുകളും.

ചട്ടവിരുദ്ധമായി 30 ലക്ഷം രൂപക്ക് കിയോസ്‌കുകൾ വാങ്ങിയെന്നും സാനിറ്റൈസർ നിർമാണത്തിലും വിതരണത്തിലും ചട്ടലംഘനം ഉണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ചെലവഴിച്ച തുകയിലും വ്യക്തതയില്ല. ജിഎസ്ടി രേഖപ്പെടുത്താത്ത, കൈകൊണ്ട് എഴുതിയ ബില്ലുകളാണ് ഭൂരിഭാഗവും.

അതേസമയം, ഓഡിറ്റിങ് നടത്തിയെന്നാണ് ഡോ. അഷീലിന്റെ വിശദീകരണം. മറുപടിയിൽ രേഖകൾ ഹാജരാക്കിയിട്ടുമില്ല. മറുപടി തൃപ്തികരമല്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.ബോധവത്കരണ പരിപാടികൾ സീഡിറ്റിനെ ഏൽപ്പിക്കുന്നതിന് പകരമായി സ്വകാര്യ കമ്പനികളെയും വ്യക്തികളെയും ഏൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ വകുപ്പ് മന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തതെന്ന് അഷീൽ അറിയിച്ചു. ബ്രേക്ക് ദി ചെയിൻ മാത്രമല്ല, കോവിഡ് കാലത്തെ എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.

Tags:    
News Summary - Serious irregularities in 'Break the Chain' project; Action ordered against Asheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.