ചലനശേഷി നഷ്ടപ്പെട്ട കാലുമായി ഹാഷിം
കൽപറ്റ: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനാസ്ഥയിൽ കാലും ജോലിയും നഷ്ടമായ ഹാഷിം നീതിയുടെ വാതിലുകൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഒറ്റക്കാലിൽ രണ്ടര വർഷമായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. വയനാട് പേര്യ ഊരാച്ചേരി ഹാഷിം 2023 ഫെബ്രുവരിയിൽ മാനന്തവാടി മെഡിക്കൽ കോളജിൽ വെരിക്കോസ് വെയിനിന്റെ ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ ഡോക്ടർമാർ പകരം മുറിച്ചുമാറ്റിയത് കാലിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്ത ഓട്ടത്തിനുള്ള ഞരമ്പായിരുന്നു.
പിറ്റേ ദിവസവും വേദന അസഹ്യമായി തുടർന്നതോടെ ഹാഷിമിന്റെ നിർബന്ധത്തിൽ സർജറി വിഭാഗത്തിലെ മറ്റൊരു ഡോക്ടർ പരിശോധിച്ചപ്പോഴാണ് വെരിക്കോസ് വെയിനിന് പകരം ഞരമ്പ് മാറി മുറിച്ചുമാറ്റിയെന്ന് തിരിച്ചറിയുന്നത്.
തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഹാഷിമിന്റെ ജീവന് രണ്ടുശതമാനം മാത്രമായിരുന്നു ഡോക്ടർമാർ നൽകിയ ഉറപ്പ്. 27 മണിക്കൂർ രക്തയോട്ടം ഇല്ലാതായത് കാരണം വലതുകാൽ മുറിച്ചുമാറ്റി ജീവൻ രക്ഷപ്പെടുത്താനായിരുന്നു ശ്രമം.
ഹാഷിം ആവശ്യപ്പെട്ടത് പ്രകാരം, ഒരു പരീക്ഷണമെന്ന നിലക്ക് കാൽ മുറിച്ചുമാറ്റാതെ ഇടത്തെ കാലില്‍നിന്ന് ഞരമ്പ് എടുത്ത് വലതുകാലിലേക്ക് തുന്നിച്ചേർത്തുനോക്കി. 12 ഓളം ശസ്ത്രക്രിയകളിലൂടെ പരീക്ഷണം വിജയിച്ചെങ്കിലും കാലിന്റെ ചലനശേഷി തിരിച്ചുകിട്ടിയില്ല.
ശസ്ത്രക്രിയക്കുമുമ്പ് ഹാഷിം എഴുതിയ പി.എസ്.സിയുടെ ഡ്രൈവർ കം ഓഫിസ് അറ്റൻഡർ പരീക്ഷയിൽ 17ാം റാങ്കുണ്ടായിരുന്നു. സംവരണ മാനദണ്ഡത്തിൽ അഞ്ചാമത്തെ ആളായി ജോലിയിൽ പ്രവേശിക്കാമായിരുന്നു. പ്രായമേറെ ചെന്ന ഉപ്പയും ഉമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ഈ യുവാവ്.
വലതുകാലിന്റെ മുട്ടുമുതൽ താഴോട്ട് പൂർണമായും ചലനശേഷി നഷ്ടപ്പെട്ടതോടെ ആറംഗ കുടുംബവും മക്കളുടെ പഠനവും ചികിത്സയും ആറുമാസം കൂടുമ്പോൾ മാറ്റേണ്ട കൃത്രിമക്കാലും വീടിന്റെ വായ്പക്കുമെല്ലാം മുന്നിൽ ഹാഷിം പകച്ചുനിന്നു.
അബദ്ധം സംഭവിച്ച ഡോക്ടർമാർ നൽകിയ സഹായവാഗ്ദാനത്തിൽ വിശ്വസിച്ച് കേസിനും പോയില്ല. എന്നാൽ, എല്ലാം ഒതുങ്ങിയതോടെ ഡോക്ടർമാരും കൈയൊഴിഞ്ഞു. തുടർന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടർ, ഡി.എം.ഒ, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്കെല്ലാം പരാതി നൽകിങ്കിലും രണ്ടരവർഷക്കാലമായി അവയെല്ലാം ചുവപ്പുനാടയിലാണ്.
പ്ലസ് ടു പാസായ തനിക്കൊരു ജോലിയെങ്കിലും നൽകുമോയെന്ന് ചോദിച്ചാണ് ഹാഷിം ഇപ്പോൾ ഓഫിസുകൾ കയറിയിറങ്ങുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയിലാകട്ടെ ഡോക്ടർമാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ടവർക്കെല്ലാം താൽപര്യമെന്ന് ഹാഷിം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.