ഇന്ന് തിരക്കേറും; ട്രഷറികളില്‍ വേണ്ടത് 150 കോടി

തിരുവനന്തപുരം: നോട്ട് ക്ഷാമം തുടരുന്നതിനിടെ അവധിദിനം കൂടി കടന്നുപോയതോടെ തിങ്കളാഴ്ച ട്രഷറികളിലും ബാങ്കുകളിലും ആവശ്യക്കാരുടെ തിരക്കേറാന്‍ സാധ്യത. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുറമേ സ്വകാര്യസ്ഥാപനങ്ങളും ശമ്പളം വിതരണം  തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ മറ്റ് ആവശ്യക്കാരും. ആവശ്യകതക്കനുസരിച്ച് നോട്ടുകള്‍ ലഭ്യമല്ല എന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. 120 മുതല്‍ 150 കോടി രൂപ വരെ ട്രഷറികള്‍ക്ക് മാത്രം തിങ്കളാഴ്ച വേണ്ടിവന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

20 കോടി രൂപയാണ് ഇന്ന് നീക്കിയിരിപ്പുള്ളത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ ട്രഷറികള്‍ ആവശ്യപ്പെട്ട അത്ര തുക നല്‍കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം ജില്ലകള്‍ക്കും ലഭിക്കുന്ന നോട്ട് അപര്യാപ്തമാണെന്നതിന് പുറമേ മലപ്പുറം അടക്കം ജില്ലകളില്‍ ആവശ്യപ്പെട്ടതിന്‍െറ മൂന്നിലൊന്നുപോലും ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പളവും പെന്‍ഷനുമടക്കം വാങ്ങേണ്ട പത്തുലക്ഷം പേരില്‍ 25 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ ബാങ്ക് കൗണ്ടറുകളെ ആശ്രയിച്ചതെന്നാണ് കണക്ക്. ശേഷിക്കുന്നവര്‍ എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ കൊണ്ട് തൃപ്തിപ്പെട്ടു. 2400 കോടിയുടെ കറന്‍സി വേണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും മൂന്ന് ദിവസങ്ങളിലായി ബാങ്കിലും ട്രഷറികളിലുമായി നേരിട്ട് പണമായി വിതരണംചെയ്തത് കേവലം 550 കോടി മാത്രം. 1200 കോടി ട്രഷറി വഴിയും 1200 കോടി ബാങ്ക് അക്കൗണ്ട് വഴിയുമാണ് വിതരണം ചെയ്യേണ്ടത്.

4.3 ലക്ഷം പെന്‍ഷന്‍കാരില്‍ 1.30 ലക്ഷം പേര്‍ മാത്രമാണ് 24000 രൂപ പിന്‍വലിക്കാന്‍ ഇതുവരെയും ട്രഷറിയിലത്തെിയത്. കഴിഞ്ഞദിവസം ബാങ്കുകളിലത്തെിയ തുക ഇതിനോടകം ബാങ്ക് ശാഖകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. പക്ഷേ, ഇത് തിങ്കളാഴ്ചയിലെ ആവശ്യങ്ങള്‍ക്ക് തികയില്ല.

Tags:    
News Summary - treasury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.