സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ നടന്ന വിളംബര ജാഥ

ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് വീട് നിർമിക്കാൻ ആറ് ലക്ഷം; പലിശയില്ലാതെ 15 ലക്ഷം രൂപ വരെ വായ്പ നൽകും -മന്ത്രി ആര്‍. ബിന്ദു

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിന് ‘സുഭദ്രം’ പദ്ധതിയിലൂടെ ഭവനങ്ങൾ ലഭ്യമാക്കുമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം ‘വർണപ്പകിട്ട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭവന നിര്‍മാണത്തിന് ആറു ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്യാപ് ഫണ്ടായി രണ്ട് ലക്ഷം രൂപയും നല്‍കും. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍നിന്ന് 15 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്നും പലിശവിഹിതം സര്‍ക്കാര്‍ അടക്കുമെന്നും മന്ത്രി അറിയിച്ചു. കഴിവ് തെളിയിച്ച നിരവധിപേര്‍ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായി. നടിയും എഴുത്തുകാരിയുമായ എ. രേവതി വിശിഷ്ടാതിഥിയായി. സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ നേഹ ചെമ്പകശ്ശേരി, അര്‍ജുന്‍ ഗീത, ജില്ല ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി അംഗങ്ങളായ സിസിലി ജോര്‍ജ്, നന്മ സുസ്മി, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ് വ്യക്തികള്‍ക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. പി.ടി. ലിബിന്‍ നാഥ്, ഷിയ, നവമി എസ്. ദാസ്, തന്‍വി സുരേഷ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ സഹയാത്രിക തൃശൂര്‍, മികച്ച തദ്ദേശ സ്ഥാപനം വിഭാഗത്തില്‍ കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍, ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഹര്‍ഷ പി. ഹര്‍ഷ്, അഖില്‍ ശിശുപാല്‍, റോസ്ന ജോഷി, സംവിധായകന്‍ പി. അഭിജിത്ത്, അഡ്വ. പത്മ ലക്ഷ്മി എന്നിവരും ഉപഹാരം ഏറ്റുവാങ്ങി.

Tags:    
News Summary - Transgender housing scheme subhadram launched in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.