representational image
കൊച്ചി: സമയമാറ്റവും ചില സ്റ്റോപ്പുകൾ റദ്ദാക്കിയതും ട്രെയിൻ യാത്രികരെ വലക്കുന്നു. വേണാട്, പാലരുവി ട്രെയിനുകളുടെ സമയമാറ്റവും രാജ്യറാണി, അമൃത ട്രെയിനുകളുടെ സ്റ്റോപ്പുകൾ റദ്ദാക്കിയതുമാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് വിനയായത്. കോവിഡിനുമുമ്പ് പാലക്കാട് -തിരുനൽവേലി പാലരുവി എക്സ്പ്രസിന്റെ എറണാകുളം ടൗൺ സ്റ്റേഷനിലെ സമയം വൈകീട്ട് 7.15 ആയിരുന്നത് ആദ്യം 6.50നും കഴിഞ്ഞമാസം മുതൽ 6.40 ആക്കിയതുമാണ് യാത്രക്കാർക്ക് ദുരിതമായത്.
വൈകീട്ട് അഞ്ചിന് വേണാട്, കേരള ട്രെയിനുകളും ആറുമണിക്ക് പാസഞ്ചറും കോട്ടയം ഭാഗത്തേക്ക് ഉള്ളപ്പോഴാണ് തൊട്ടുപിന്നാലെ പാലരുവി പോകുന്നത്. പാലരുവി കഴിഞ്ഞാൽ കോട്ടയം കഴിഞ്ഞു പോകേണ്ട യാത്രക്കാർക്ക് വൈകീട്ട് വേറെ ട്രെയിനില്ല. ഉള്ളത് 7.30ന് കോട്ടയം വരെ മാത്രം പോകുന്ന പാസഞ്ചറാണ്.
ഇരട്ടപ്പാത പൂർത്തിയായ ശേഷം വേണാട് തൃപ്പൂണിത്തുറ വരെ കൃത്യസമയം പാലിച്ചിരുന്നു. പക്ഷേ, വേഗവർധനയുടെ ഭാഗമായി സമയക്രമം മാറ്റിയതോടെ അടിമുടി താളംതെറ്റിയ വേണാടിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത (16344) എന്നീ ട്രെയിനുകൾക്ക് ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്നത് കോവിഡിനുശേഷം പുനഃസ്ഥാപിച്ചില്ല. ഇതേ ട്രെയിനുകൾക്ക് തിരിച്ചുള്ള യാത്രക്ക് ഈ സ്റ്റേഷനുകളിൽ ഇപ്പോഴും സ്റ്റോപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.