എറണാകുളം: മലയാറ്റൂരിൽ വിദ്യാർഥിയായ ചിത്രപ്രിയയുടെ കൊലപാതകത്തിൽ ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലന്‍റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. തലക്കേറ്റ ഗുരുതര പരിക്കാണ് 19കാരിയായ ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തിൽ അലൻ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്‍റെ മകളായ ചിത്രപ്രിയ ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയാണ്.
അമ്പലത്തിലെ ഉത്സവത്തിനായാണ് ചിത്രപ്രിയ ബെംഗളൂരുവിൽ നിന്ന് മലയാറ്റൂലെത്തിയത്. എന്നാൽ, ശനിയാഴ്ച വൈകിട്ട് മുതൽ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നൽകി. കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെയും വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. അതിനുശേഷം വിട്ടയിച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലക്ക് ആഴത്തിൽ അടിയേറ്റതാണ് മരണകാരണമെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സി.സി.ടി.വി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തശ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. വൈകിട്ടോടെ അലന്‍റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സി.സി.ടി.വിയിൽ മറ്റ് രണ്ട് യുവാക്കളെകൂടി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.