കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 17ലേക്ക് മാറ്റി. എതിർവാദം സമർപ്പിക്കാൻ പ്രത്യേക അന്വേഷണംസംഘം (എസ്.ഐ.ടി) സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ആവശ്യപ്പെട്ട രേഖകൾ നൽകാത്തത് നടപടി വൈകിപ്പിക്കാനാണെന്നാണ് ഇ.ഡിയുടെ നിലപാട്.
അതേസമയം, സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാറും എസ്.ഐ.ടിയും. തങ്ങളുടേതായ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മതി മറ്റൊരു ഏജൻസിയുടെ അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷണം നടത്തുകയാണെങ്കിൽ മറ്റു ഉന്നത വ്യക്തികളിലേക്കും കേസ് നീങ്ങും എന്നതിലാണ് സർക്കാറിന്റെ ആശങ്ക.
പിടിച്ചെടുത്ത രേഖകൾ, കേസിന്റെ എഫ്.ഐ.ആർ, അറസ്റ്റിലായവരുടെ മൊഴികൾ, റിമാൻഡ് റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളുടെ സർട്ടിഫൈഡ് പകർപ്പിനായാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് വ്യക്തമാക്കി. തങ്ങൾക്കു സ്വതന്ത്ര അന്വേഷണത്തിന് അധികാരമുണ്ടെങ്കിലും രേഖകൾ ലഭിച്ചാൽ നടപടി വേഗത്തിലാക്കാമെന്ന വിലയിരുത്തലിലാണ് കോടതിയെ സമീപിച്ചതെന്നാണ് സൂചന.
കേസിൽ ഐ.പി.സി 467ാം വകുപ്പ് ഉൾപ്പെട്ടതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവ പരിശോധനക്ക് വിധേയമാക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉള്‍പ്പെടെയുള്ള ഉന്നതർ കേസിൽ പ്രതികളായിരിക്കുന്നതിനാൽ കുറ്റത്തിൽനിന്ന് ലഭിച്ച തുക (പ്രോസീഡ്സ് ഓഫ് ക്രൈം) കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്യാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും ലഭിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് നൽകുകയോ മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യില്ലെന്നും കൊച്ചി സോണൽ ഓഫിസ് അസി. ഡയറക്ടർ ആഷു ഗൊയലിന്റെ അപേക്ഷ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.