തിരുവനന്തപുരം: ലൈംഗികാരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവുകേടാണെന്ന് കെ. മുരളീധരൻ. കോൺഗ്രസ് ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്. കേരള പൊലീസ് അന്വേഷണം പരാജപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ടും രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാഹുലിന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും കോൺഗ്രസിനെ ബാധിക്കില്ല. രാഹുലിന് എതിരായ രണ്ടാമത്തെ പരാതി ജനുവിൻ ആണെങ്കിലും അല്ലെങ്കിലും പാർട്ടി ഒരു തീരുമാനമെടുത്തല്ലോ. അതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശത്തെയും മുരളീധരൻ വിമർശിച്ചു. പരാമർശം യു.ഡി.എഫ് പദവിയിലിരുന്ന് നടത്താൻ പറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി പറഞ്ഞു. കേസിൽ രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു.
നേരത്തെ, വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.രഹസ്യമായി അതിജീവിതയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ സംഘത്തില്‍നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭവത്തെക്കുറിച്ച് പരാതി നല്‍കാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.
ബംഗളൂരു സ്വദേശിനി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. ഡി.ജി.പി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അവസരത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഐ.ജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.