താഴേക്ക് പടികളിറങ്ങുന്ന ഓഡിറ്റോറിയം; പ്രവേശനത്തിന് ഒരു ഗേറ്റ് മാത്രം, തിരക്ക് കൂട്ടി മഴ

കൊച്ചി: താഴേക്ക് പടികളിറങ്ങുന്ന വിധത്തിലാണ് കുസാറ്റ് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയം. ഏറ്റവും താഴെയായാണ് വേദി. ഇതിന് മുന്നിലായി മുകളിലേക്ക് പടിപടികളായാണ് ഇരിപ്പിടങ്ങൾ. പ്രവേശന ഗേറ്റിൽ നിന്ന് താഴേക്ക് പടികളിറങ്ങി വേണം ഓഡിറ്റോറിയത്തിലേക്ക് വരാൻ. വൻ തിരക്ക് കാരണം ഈ പടികളിലാണ് വിദ്യാർഥികൾ ആദ്യം വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേൽ വീണതോടെ കേരളം നടുങ്ങിയ മറ്റൊരു ദുരന്തത്തിന് കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല സാക്ഷിയാവുകയായിരുന്നു.

 

ഇന്നലെ വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയായതിനാൽ വൻതോതിൽ വിദ്യാർഥികൾ പരിപാടിക്കെത്തിയിരുന്നു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്‍റെ ടെക് ഫെസ്റ്റായ 'ധിഷണ'യിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകം കാർഡും ടീഷർട്ടുമുണ്ടായിരുന്നു. ഇവരാണ് ആദ്യം ഓഡിറ്റോറിയത്തിനകത്ത് പ്രവേശിച്ചത്.

 

ദുരന്തസമയത്ത് പരിപാടി ആരംഭിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിന്‍റെ ഗേറ്റിന് പുറത്ത് വൻതോതിൽ വിദ്യാർഥികൾ തടിച്ചുകൂടി. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്കെത്തിയവരുടെ എണ്ണം വർധിച്ചു. ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഒരു ഗേറ്റ് മാത്രമാണുണ്ടായിരുന്നത്. ഈ ഗേറ്റിൽ വൻ തിരക്കായിരുന്നു. ഗേറ്റ് തുറന്നതും തിക്കുംതിരക്കും കാരണം ഏറ്റവും മുന്നിലുണ്ടായിരുന്ന വിദ്യാർഥികൾ മുന്നിലെ പടിക്കെട്ടിലേക്ക് വീണു. പിന്നാലെയെത്തിയവരും ഇവരുടെ മേലേക്ക് വീണതോടെ ദുരന്തം സംഭവിക്കുകയായിരുന്നു. മരിച്ച നാല് വിദ്യാർഥികൾക്കും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ജീവൻ നഷ്ടമായെന്നാണ് വിവരം.

 

ര​ണ്ടാം​വ​ർ​ഷ സി​വി​ൽ വി​ദ്യാ​ർ​ഥി എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് കൊ​ച്ചു​പാ​റ​യി​ൽ ത​മ്പി​യു​ടെ മ​ക​ൻ അ​തു​ൽ ത​മ്പി, ര​ണ്ടാം​വ​ർ​ഷ ഇ​ല​ക്​​ട്രോ​ണി​ക്സ്​ വി​ദ്യാ​ർ​ഥി​നി പ​റ​വൂ​ർ ഗോ​തു​രു​ത്ത് കു​റു​മ്പ​ത്തു​രു​ത്ത് കോ​ണ​ത്ത് റോ​യ് ജോ​ർ​ജു​കു​ട്ടി​യു​ടെ മ​ക​ൾ ആ​ൻ റി​ഫ്​​ത്ത (20), ര​ണ്ടാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി കോ​​ഴി​ക്കോ​ട്​ താ​മ​ര​​ശ്ശേ​രി പു​തു​പ്പാ​ടി മൈ​ലേ​ലം​പാ​റ വ​യ​ല​പ​ള്ളി​ൽ തോ​മ​സ് സ്ക​റി​യ​യു​ടെ മ​ക​ൾ സാ​റ തോ​മ​സ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. 64 പേർക്ക് പ​രി​ക്കു​ണ്ട്. ഇ​തി​ൽ രണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Tags:    
News Summary - tragedy at Cusat happened just before the start of the Tech Fest music event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.