കോഴിക്കോട്: ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്ത് വാടക പൂർണമായി നൽകാതെ സ്ഥലംവിട്ട് വിവാദത്തിലായ ട്രാഫിക് എസ്.ഐക്ക് സസ്പെൻഷൻ. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്.ഐ ജയരാജനാണ് സ്ഥലംമാറ്റത്തിന് പിന്നാലെ സസ്പെൻഷൻ ലഭിച്ചത്. നേരത്തെ ആദ്യ സ്ഥലംമാറ്റം റദ്ദാക്കി കോഴിക്കോട്ടേക്ക് എസ്.ഐ ആയി തിരികെ കൊണ്ടുവന്ന കമീഷണറുടെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെ ഉത്തര മേഖല ഐ.ജിയുടെ നിർദേശത്തെ തുടർന്ന് വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റി. തൊട്ടുപിന്നാലെയാണ് സസ്പെൻഷൻ.
കോഴിക്കോട് ലിങ്ക് റോഡിലെ ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിൽ ഇളവ് നേടിയെന്നായിരുന്നു എസ്.ഐക്കെതിരായ പരാതി. 2500 രൂപ ദിവസ വാടകയുള്ള എ.സി മുറിയിൽ താമസിക്കുകയും മുറി ഒഴിയുമ്പോൾ ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണെന്ന് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞ് 1000 രൂപ മാത്രം നൽകി മടങ്ങുകയും ചെയ്യുകയായിരുന്നു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശിക്ഷാ നടപടി. ജയരാജൻ ഗുരുതര അച്ചടക്കലംഘനവും സ്വഭാവ ദൂഷ്യവും കാണിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.