താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞപ്പോൾ 

താമരശ്ശേരി ചുരം പൂർണമായും അടച്ചു; യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരത്തിലൂടെ പോകണം

കൽപറ്റ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.  യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം.

ചുരത്തിൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾക്ക് പോകാനായി വഴിയൊരുക്കുന്നുണ്ട്. അതിനുശേഷം ചുരം പൂർണമായി അടക്കും. വിശദ പരിശോധനക്കുശേഷം മാത്രമേ ചുരത്തിലെ നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കു.

ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിനു സമീപം മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ  താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.

ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.

ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗതാഗതം നിലച്ചിരുന്നു.  പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മരങ്ങൾ മുറിച്ച് മാറ്റിയും മണ്ണ് നീക്കം ചെയ്തുമാണ് തടസ്സം നീക്കുന്നത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണം.

വ്യൂപോയന്റ് തുടങ്ങുന്ന ഭാഗത്ത് മുകളിൽ നിന്നും മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. ആറോളം മരങ്ങൾ സഹിതമാണ് മലയിടിഞ്ഞത്. കല്ലും മണ്ണും റോഡിൽ വീണ നിലയിലാണുള്ളത്. 

തുടർച്ചയായി രണ്ടാം ദിനമാണ് താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത്. തിങ്കളാഴ്ച ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ലോറി വിവിധ വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്ന് കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ഇതിനു പിന്നാലെയാണ് മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസ്സപ്പെട്ടത്.

Tags:    
News Summary - Traffic on Thamarassery pass completely banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.