ഫോട്ടോ: ജോൺസൺ വി. ചിറയത്ത്
തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഇന്നലെ തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും നീക്കം ചെയ്ത് പുതിയ പാളം ഘടിപ്പിച്ചു. പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ഇരു പാതകളിലൂടെയും ട്രെയിനുകള്‍ കടത്തി വിട്ടത്. എറണാകുളത്ത് നിന്ന് ക്രെയിൻ കൊണ്ട് വന്നാണ് ബോഗികൾ മാറ്റിയത്.
നിലവില്‍ ട്രെയിനുകള്‍ വേഗം കുറച്ചാണ് കടത്തി വിടുന്നത്. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. ആദ്യം കടന്ന പോകുന്ന കുറച്ച് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് അകുമെന്ന് ഡിവിഷന്‍ മാനേജര്‍ ആര്‍. മുകുന്ദ് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് 2.15 ഓടെയാണ് പുതുക്കാട് വെച്ച് ട്രെയിന്‍ പാളം തെറ്റിയത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാൻ പോയ ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിനില്‍ ചരക്ക് ഉണ്ടായിരുന്നില്ല. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പാളത്തില്‍ നിന്ന് ബോഗികള്‍ നീക്കം ചെയ്യാന്‍ വൈകിയതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. ഒമ്പത് ട്രെയിനുകള്‍ പൂര്‍ണ്ണമായും അഞ്ച് എണ്ണം ഭാഗികമായും റദ്ദാക്കിയിരുന്നു. ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയായിരുന്നു ട്രെയിൻ കടത്തിവിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.