കൊച്ചി: ക്രിസ്മസ് വേളയിൽ കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസിനെ ഓർമിപ്പിക്കുന്നുണ്ട് ഈ വോട്ടുകാലം. വീടുകയറി നോട്ടീസും സ്ലിപ്പും നൽകുന്ന പരമ്പരാഗത പ്രചാരണം ഇക്കുറി ഏറെക്കുറെ കൈയൊഴിഞ്ഞ പാർട്ടികൾ സ്ഥാനാർഥിയുടെ ചിഹ്നവും മുഖവും പേരും വോട്ടർമാരുടെ മനസ്സിൽ മായാതെ പതിപ്പിക്കാൻ സമ്മാനങ്ങളുമായാണ് ഇറങ്ങുന്നത്. വായിക്കാൻ മെനക്കെടാതെ വലിച്ചെറിയുന്ന നോട്ടീസ് പോലെയല്ല ഇവ. ചിലതെല്ലാം തെരരഞ്ഞെടുപ്പ് കഴിഞ്ഞാലും സൂക്ഷിച്ചുവെക്കാം, ഉപയോഗിക്കാം. അതുതന്നെയാണ് സ്ഥാനാർഥികളുടെ ലക്ഷ്യവും. ഓരോ പ്രായക്കാരുടെയും അഭിരുചിക്കിണങ്ങിയ, എന്നാൽ കൗതുകം നിറഞ്ഞ സാമഗ്രികളാണ് പ്രചാരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. ചൂട് കാലമായതിനാൽ ഇക്കൂട്ടത്തിൽ ഡിമാൻഡ് ഏറെ വിശറിക്കാണ്. ഒട്ടുമിക്ക മണ്ഡലങ്ങളിലെയും വിവിധ മുന്നണി സ്ഥാനാർഥികളുടെ ചിത്രവും ചിഹ്നവും പേരും ആലേഖനം ചെയ്ത പല വലുപ്പത്തിലും രൂപത്തിലുമുള്ള വിശറികൾ രംഗത്തിറക്കിയിട്ടുണ്ട്. ‘സെറ്റാണ്’, ‘മാറാതെ ജനഹൃദയങ്ങളിൽ’, ‘മറക്കരുത്’, ‘നാടിന്റെ നന്മക്ക്’ തുടങ്ങിയ ടാഗ് ലൈനുകളും മുന്നണികളുടെ പ്രചാരണ മുദ്രാവാക്യങ്ങളുമെല്ലാം ഇവയിൽ ഇടംപിടിക്കുന്നു.
ഇതേ സ്വഭാവത്തിലുള്ളതാണ് പല വലുപ്പത്തിലും നിറത്തിലുമുള്ള തൊപ്പികളും. സമ്മേളനത്തിനും റാലിക്കുമെല്ലാം ഈ തൊപ്പി ധരിച്ചാണ് പ്രവർത്തകർ എത്തുന്നത്. ചിലരാകട്ടെ, മാധ്യമങ്ങളുടെ കാമറകളെ ലക്ഷ്യമിട്ടും ഇത്തരം ‘അണിഞ്ഞൊരുക്കം’ നടത്തുന്നുണ്ട്. ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രവും ചിഹ്നവും വോട്ടഭർഥനയുമെല്ലാം പതിപ്പിച്ച കീചെയിൻ, ബലൂൺ, ടീ ഷർട്ടുകൾ, സ്കാർഫ്, റിബൺ തുടങ്ങിയവയും വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. ഓട്ടോറിക്ഷ പോലുള്ള കളിപ്പാട്ടങ്ങളും കുട്ടികൾക്ക് നൽകുന്നു. ഇവ രൂപകൽപന ചെയ്യാനും യഥാസമയം തയാറാക്കി നൽകാനും ഒട്ടേറെ സ്ഥാപനങ്ങളും രാപ്പകൽ പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസവും ഇത്തരം സാമഗ്രികൾ വൻതോതിൽ ‘വോട്ടുതേടി’യെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.