വയനാട്ടിലെ പടിഞ്ഞാറത്തറയിൽ യു.ഡി.എഫ് പ്രചാരണയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി സംസാരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ള 883 സ്ഥാനാർഥികളിൽ വോട്ടർമാരുടെ മനഃസാക്ഷിയുടെ അംഗീകാരം ആർക്കെന്നതിൽ വിധിയെഴുത്ത് വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങും. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതാൻ പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്. വൈകിട്ട് ആറുവരെയാണ് പോളിങ് സമയം. 24 ഓക്സിലറി ബൂത്തുകളടക്കം 30,495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ക്രമീകരിച്ചത്.
ഉത്സവാന്തരീക്ഷത്തില്‍ വോട്ടെടുപ്പ് നടത്താന്‍ പോളിങ് ബൂത്തുകളും അലങ്കരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽകർ പറഞ്ഞു. മൊബൈൽ ഫോണുകൾ ബൂത്തുകൾക്കുള്ളിൽ അനുവദിക്കില്ല. സൂക്ഷിക്കാൻ കൗണ്ടറുകളുണ്ടാകും. 160 കമ്പനി കേന്ദ്ര സേനാംഗങ്ങളടക്കം 76,000 പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനപാലനത്തിന് ക്രമീകരിക്കും.
പ്രചാരണ കാലയളവ് അവസാനിച്ചശേഷം അതാത് മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ, പ്രചാരണ പ്രവർത്തകർ, പാർട്ടി പ്രവർത്തകർ, ഘോഷയാത്ര പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യം പാടില്ല. പോളിങ് ബൂത്തിനകത്ത് മൊബൈല്‍ ഫോണിന് പുറമെ കോഡ്ലെസ് ഫോൺ, വയർലെസ് സെറ്റുകൾ, കാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നതില്‍ നിയന്ത്രണമുണ്ട്.
എക്സിറ്റ് പോൾ, സർവേ ഫലങ്ങൾ തുടങ്ങിയവ 29ന് വൈകീട്ട് ആറുവരെ നിരോധിച്ചു. വോട്ടെടുപ്പ് കഴിയുന്നതുവരെ മദ്യവിൽപനക്കും നിരോധനം ഏർപ്പെടുത്തി.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ബൂത്തുകളില്‍ മുന്‍ഗണന നല്‍കും. ബൂത്തുകളില്‍ റാംപുകളും വീല്‍ചെയറുകളും സജ്ജീകരിക്കും.
കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, സഹായത്തിന് പ്രത്യേക വളന്റിയര്‍മാര്‍, ആവശ്യമായ ഇടങ്ങളില്‍ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിങ് കേന്ദ്രങ്ങളിലേക്ക് യാത്രാസൗകര്യം ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസ്സിന് മുകളിലുള്ള 2.07 ലക്ഷം വോട്ടര്‍മാരില്‍ 98 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരില്‍ 40 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
ബുധനാഴ്ച ഉച്ചയ്ക്കകം എല്ലാവരും വോട്ട് രേഖപ്പെടുത്തും. 2,71,42,952 വോട്ടര്‍മാരെ കൂടാതെ 53,984 സർവിസ് വോട്ടര്‍മാരുമുണ്ട്.
പ്രവാസി വോട്ടര്‍മാരായി 2,42,093 പേരുണ്ട്. നല്ലൊരു ശതമാനം പേര് വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തി.
തിരുവനന്തപുരം: വോട്ടുചെയ്യാന്‍ പ്രധാന രേഖ തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡ് (എപിക്) ആണ്. ഇത് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റു 11 അംഗീകൃത രേഖകൾ ഉപയോഗിക്കാം.
ആധാര്‍ കാര്‍ഡ്
പാസ്പോര്‍ട്ട്
ഡ്രൈവിങ് ലൈസന്‍സ്
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖല കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്
ബാങ്ക്/പോസ്റ്റ് ഓഫിസിലെ ഫോട്ടോ
സഹിതമുള്ള പാസ്ബുക്കുകള്‍
പാന്‍ കാര്‍ഡ്
ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്
ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാര്‍ഡ്
തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
ഫോട്ടോ സഹിതമുള്ള പെന്ഷന് രേഖ
പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.