ടി.ആർ. രവിവർമ്മ (സീരി) അന്തരിച്ചു

തൃശൂർ: പ്രമുഖ കൃഷി എഴുത്തുകാരനും മലയാള മനോരമ കർഷകശ്രീ മുൻ എഡിറ്റർ ഇൻ - ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്‌ടറുമായ ടി.ആർ.രവിവർമ(98) തൃക്കുമാരകുടം ഹരിശ്രീ നഗർ ശ്രീപാദത്തിൽ നിര്യാതനായി. സംസ്കാരം നടത്തി. 'സീരി' എന്ന തൂലികാ നാമത്തിൽ കാർഷിക ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൃഷി ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ കാർഷിക വിജ്ഞാന പംക്തികളും പുസ്തകങ്ങളും വലിയ പങ്കുവഹിച്ചു.

1926ൽ തൃപ്പൂണിത്തുറയിലാണു ജനനം. മഹാരാജാസ് കോളജ്, പുണെ അഗ്രികൾചറൽ കോളജ്, അമേരിക്കയിലെ വിസ്കോൻസ് സർവകലാശാല എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്നു സംസ്ഥാന കൃഷി വകുപ്പ്, കേന്ദ്രകൃഷി മന്ത്രാലയം, കേരള സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റൻസീവ് അഗ്രികൾചർ ജേണൽ എന്ന പ്രസിദ്ധീകരണത്തിന്റേയും കാർഷിക സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റേയും എഡിറ്ററായിരുന്നു.

സി.അച്യുതമേനോനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു കാർഷിക പ്രസിദ്ധീകരണം കൂടുതൽ കർഷകരിൽ എത്തിക്കുന്നതനായി പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഈ കാലത്താണു വിവിധ നാടുകളിലെ വിദഗ്ധർ കൃഷി രീതികളേക്കുറിച്ചു സർക്കാർ പ്രസിദ്ധീകരണങ്ങളിൽ എഴുതിയതും അവരുടെ പുസ്തകങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ച് കർഷകരിലെത്തിച്ചതും. ജനകീയമായ വാക്കുളിലൂടെ കൃഷിയേക്കുറിച്ച് എഴുതുകയെന്ന രീതി കൊണ്ടുവന്നതു രവിവർമയാണ്.

തുടർന്നു മലയാള മനോരമയുടെ കാർഷിക പ്രസിദ്ധീകരണമായ ‘കർഷകശ്രീ’ മാസികയുടെ എഡിറ്റർ – ഇൻ–ചാർജ് ആയി ചുമതലയേറ്റു. ജൈവകൃഷി, വീട്ടിൽ ഒരു പൂന്തോട്ടം,വീട്ടിൽ ഒരു അടുക്കള തോട്ടം,പഴവർഗങ്ങൾ,കനകം വിളയിക്കുന്ന കർമയോഗികൾ ,കൃഷിപരിചയം, രാജവംശം: തൃപ്പൂണിത്തുറ സ്മരണകൾ, കൊച്ചി രാജവംശം: കഥയും കാര്യവും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 18 വർഷത്തെ സേവനത്തിനുശേഷം 2013ലാണ് മനോരമയിൽ നിന്ന് വിരമിച്ചത്.

ഭാര്യ: പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ പരേതയായ ലീല വർമ (ലീല തമ്പുരാട്ടി). പരേതനായ കേണൽ ഗോദവർമ രാജായുടെ (ജി.വി. രാജാ) സഹോദരിയാണ്. മക്കൾ: നന്ദകുമാർ വർമ ( മുൻ ചീഫ് ന്യൂസ് എഡിറ്റർ, യുഎൻഐ, ഡൽഹി), വൃന്ദ വർമ (റിട്ട. ഏജീസ് ഓഫിസ്, തൃശൂർ).

മരുമക്കൾ: കൊടുങ്ങല്ലൂർ കോവിലകത്ത് സുധ വർമ, കൊടുങ്ങല്ലൂർ കോവിലകത്ത് രഘുനാഥ്. സഹോദരങ്ങൾ: പരേതനായ ഡോ.രാമവർമ (റബർ ബോർഡ് മുൻ ചെയർമാൻ),പരേതനായ ക്യാപ്റ്റൻ കേരള വർമ, പരേതനായ ആർ.വി.തമ്പുരാൻ,പരേതനായ കുഞ്ഞുക്കുട്ടൻ തമ്പുരാൻ,പരേതയായ പത്മിനി തമ്പുരാൻ,കൊച്ചമ്മിണി തമ്പുരാൻ, ഭദ്ര തമ്പുരാൻ. പരേതയായ കുഞ്ഞിപിള്ള കുട്ടി തമ്പുരാൻ.

Tags:    
News Summary - T.R. Ravi Varma (Seri) passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.