ഉരുൾ അതീജീവിതർക്ക് ടൗൺഷിപ് ഇപ്പോഴും അകലെ

കൽപറ്റ: ഉറങ്ങിക്കിടന്ന മനുഷ്യരെ ഉണരുംമുമ്പ് ഉരുളെടുത്ത മഹാദുരന്തത്തിൽ ബാക്കിയായവർക്കായി ഒരുക്കുന്ന ടൗൺഷിപ്പിൽ മുഖ്യമന്ത്രി കൈമാറിയ 178 വീടുകളിൽ ഒന്നിൽപോലും താമസം തുടങ്ങാനായില്ല. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്കാണ് ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് അതിജീവനത്തിന്റെ കേരള മോഡൽ എന്ന് കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനമാമാങ്കം എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ടൗൺഷിപ്പിലെ ഇപ്പോഴത്തെ അവസ്ഥ. അഴുക്കുചാലും ജലസേചന സംവിധാനവുമുൾപ്പെടെ നിർമാണം പൂർത്തിയാകാത്തതാണ് കാരണം. നേരത്തേയുണ്ടായിരുന്നതിന്റെ 10 ശതമാനത്തോളം തൊഴിലാളികൾ മാത്രം ജോലിചെയ്യുന്ന ടൗൺഷിപ് ഇപ്പോൾ സഞ്ചാരികൾക്കുള്ള കാഴ്ചവസ്തു മാത്രമായി മാറിയെന്നാണ് ആക്ഷേപം. 410 വീടുകളുടെയും നിർമാണം പൂർത്തിയാക്കി മഴക്കാലത്തിന് മുമ്പ് മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നായിരുന്നു ഉദ്ഘാടനം ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

കാലവർഷമെത്താൻ രണ്ടു മാസം മാത്രമുള്ളപ്പോൾ നിലവിൽ കൈമാറിയ വീടുകളുടെ നിർമാണ പ്രവൃത്തികൾ പോലും പൂർത്തിയായിട്ടില്ല. പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ദുരന്തമുണ്ടായി 20 മാസം പൂർത്തിയാകാറായിട്ടും പ്രസിദ്ധീകരിക്കാത്തതും സർക്കാറിന് തിരിച്ചടിയാണ്. 173 പേരെകൂടി ലിസ്റ്റിൽ ഉൾപെടുത്താനുണ്ടെന്നാണ് ദുരന്തബാധിതരുടെ ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ പറയുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് ജില്ല ഭരണകൂടവും മന്ത്രിയുൾപ്പെടെയുള്ളവരും വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് 104 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയിരുന്നു. അതിനാൽ, ലിസ്റ്റിലുള്ളതിനേക്കാളും 63 വീടുകൾ ടൗൺഷിപ്പിൽ അധികമായി നിലവിൽ നിർമിക്കുന്നുണ്ട്. എന്നിട്ടും പട്ടികയിൽനിന്ന് പുറത്തായവരെ ഉൾപെടുത്താൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ദുരന്തബാധിതർ പറയുന്നത്. ഉരുൾദുരന്ത ബാധിതരെ സഹായിക്കാൻ 773.98 കോടി രൂപയാണ് ജനങ്ങൾ നൽകിയത്. ഇതിൽ ടൗൺഷിപ്പനടക്കം ആകെ ചെലവഴിച്ചത് 166 കോടി മാത്രമാണ്. 600 കോടിയിലധികം ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ബാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല.

ഫണ്ട് സ്വരൂപിച്ചിട്ടും ഭൂമിപോലും കണ്ടെത്താത്തത് വലിയ വിവാദമായതോടെ മേപ്പാടി കുന്നമ്പറ്റയിൽ മൂന്ന് ഏക്കർ ഭൂമി കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തറക്കല്ലിട്ടിരുന്നു. പിന്നീട് പ്രവർത്തികളൊന്നും നടന്നില്ല. മുസ്‍ലിം ലീഗിന്റെ 105 വീടുകളിൽ 51 എണ്ണത്തിന്റെ താക്കോൽ കഴിഞ്ഞ ഫെബ്രുവരി 28ന് കൈമാറിയെങ്കിലും അവിടെയും പ്രവർത്തികൾ പൂർത്തീകരിക്കാത്തതിനാൽ ഒരു കുടുംബംപോലും സ്ഥിരതാമസം തുടങ്ങിയിട്ടില്ല. വാടക കെട്ടിടങ്ങളിലാണ് ഇപ്പോഴും ദുരിതബാധിതരുടെ അന്തിയുറക്കം.

Tags:    
News Summary - Township is still far away for those who have survived the landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.