മയക്കുമരുന്ന് നൽകി പീഡനം: കൂടുതൽ വിദ്യാർഥികളെ ചോദ്യംചെയ്തു

കണ്ണൂർ: സഹപാഠി മയക്കുമരുന്ന് നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിദ്യാർഥിനിയുടെ വെളിപ്പെടുത്തലിൽ മറ്റു വിദ്യാർഥികൾക്കിടയിലും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എ.സി.പി രത്നകുമാർ അറിയിച്ചു.

പെൺകുട്ടി പഠിച്ച സ്കൂളിലെ 11ഓളം വിദ്യാർഥികളെ വ്യാഴാഴ്ച ചോദ്യംചെയ്തു. ലഹരി ഉപയോഗിക്കുന്ന സംഘത്തിൽപെട്ട ആൺകുട്ടികളെയാണ് ചോദ്യംചെയ്യലിന് വിധേയരാക്കിയതെന്ന് അന്വേഷണ ചുമതലയുള്ള എ.സി.പി അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയിൽ ലഹരി ഉപയോഗിച്ചെന്ന് സംശയമുള്ള മുഴുവൻ കുട്ടികളെയും ആദ്യഘട്ടത്തിൽ വിശദമായി ചോദ്യംചെയ്യും.

ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. സംഘത്തിൽ മുതിർന്ന കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്. ഇതനുസരിച്ച് വിദ്യാർഥികളുടെ ഫോൺ കാൾ വിവരങ്ങളും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും പരിശോധിക്കും. നഗരത്തിലെ കൂടുതൽ വിദ്യാലയങ്ങളിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കുമെന്നും എ.സി.പി അറിയിച്ചു.

പീഡനത്തിനിരയായ പെൺകുട്ടി ലഹരിമുക്തകേന്ദ്രത്തിൽ ചികിത്സയിലാണ്. കേസിൽ അറസ്റ്റിലായ വിദ്യാർഥിക്ക് ജുവനൈൽ ബോർഡ് ജാമ്യം നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ വിദ്യാർഥി പനിബാധിച്ച് ചികിത്സയിലാണെന്നും രോഗമുക്തനായാൽ വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നും എ.സി.പി അറിയിച്ചു.

Tags:    
News Summary - Torture with drugs: More students questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.