തെളിവെടുപ്പിനു തൊട്ടുമുമ്പ് ടോംസ് കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

കോട്ടയം: മറ്റക്കര ടോംസ് കോളജില്‍ സാങ്കേതിക സര്‍വകലാശാല സമിതി നടത്തിയ തെളിവെടുപ്പിനിടെ സംഘര്‍ഷം. സര്‍വകലാശാല രജിസ്ട്രാര്‍ ജി.പി. പദ്മകുമാറിന്‍െറ നേതൃത്വത്തില്‍ സര്‍വകലാശാല സമിതി രണ്ടാം ഘട്ട പരിശോധനക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഇത് രണ്ടുതവണ സംഘര്‍ഷത്തിലേക്കും നീങ്ങി. സര്‍വകലാശാല സമിതിയെ തെറ്റിദ്ധരിപ്പിക്കാനായി തെളിവെടുപ്പിനു മുമ്പ് കോളജിന്‍െറ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. നിലവില്‍ കോളജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് മൂന്നു ദിവസംമുമ്പാണ് പുതിയ സ്ഥലത്തേക്ക് കോളജിലെ ഉപകരണങ്ങള്‍ അടക്കം മാറ്റിയത്. ഇവിടെ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന അരകിലോമീറ്ററോളം അകലയുള്ള കെട്ടിടത്തിലേക്കാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം പൊടുന്നനെ മാറ്റിയത്. കഴിഞ്ഞ തവണ സമിതി നടത്തിയ പരിശോധനയില്‍ കോളജില്‍ അടിസ്ഥാനസൗകര്യം ഇല്ളെന്ന് കണ്ടത്തെിയ സാഹചര്യത്തിലാണ് കെട്ടിട മാറ്റം. ഇതിനെതിരെ തെളിവ് നല്‍കാനത്തെിയ രക്ഷിതാക്കളും വിദ്യാര്‍ഥികളും രംഗത്ത ്എത്തുകയും സമിതി തടയുകയും ചെയ്തു. ആദ്യം  തെളിവെടുപ്പ് നടത്തിയ പഴയ കെട്ടിടത്തില്‍ തന്നെ ചൊവ്വാഴ്ചയും നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. 

കോളജ് ്അധികൃതര്‍ സമിതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിച്ചു. എന്നാല്‍, പുതിയ കെട്ടിടത്തില്‍ തന്നെയാണ് കോളജ് എന്നതായിരുന്നു അധികൃതരുടെ നിലപാട്. ഇതിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകരും രംഗത്ത് എത്തിയത് സംഘര്‍ഷത്തിനു കാരണമായി. എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളജ് ചെയര്‍മാന്‍െറ കോലംകത്തിച്ചു. പ്രതിഷേധം ശക്തമായതോടെ പഴയകെട്ടിടത്തില്‍ തന്നെ പരാതി കേള്‍ക്കാന്‍ സമിതി തീരുമാനിച്ചു. എന്നാല്‍, കെട്ടിടത്തിന്‍െറ വാതില്‍ തുറക്കാന്‍ കോളജ് അധികൃതര്‍ തയാറായില്ല. 10 മിനിറ്റോളം കാത്തുനിന്നശേഷമാണ് തുറന്നത്. തെളിവെടുപ്പില്‍ കോളജ് അടച്ചുപൂട്ടണമെന്നും വിദ്യാര്‍ഥികളെ മറ്റൊരു കോളജിലേക്ക് മാറ്റാന്‍ സംവിധാനമൊരുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരാതി കേള്‍ക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജ് വളപ്പില്‍ വിദ്യാര്‍ഥികള്‍ തടിച്ചുകൂടി. വൈകുന്നേരത്തോടെ ഇവരെ പുറത്തേക്ക് മാറ്റാനുള്ള നീക്കം വീണ്ടും പ്രതിഷേധത്തിനു കാരണമായി. അരമണിക്കൂറോളം വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ നിലനിന്ന സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് വിദ്യാര്‍ഥികളെ പുറത്താക്കി.

Tags:    
News Summary - toms college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.