മുഖ്യമന്ത്രി സോണ്ടയുടെ ഗോഡ്ഫാദർ; പ്രതിനിധികളുമായി നെതർലാൻഡ്സിൽ കൂടിക്കാഴ്ച നടത്തി, വൻ അഴിമതിയെന്ന് ടോണി ചമ്മണി

കൊച്ചി: ബ്രഹ്മപുരത്ത് ഉൾപ്പടെ വിവിധയിടങ്ങളിൽ മാലിന്യസംസ്കരണത്തിനായി സോണ്ടയുമായി ഒപ്പിട്ട കരാറുകളിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാവും കൊച്ചി മുൻ മേയറുമായ ടോണി ചമ്മണി. മുഖ്യമന്ത്രി പിണറായി വിജയനാണ് അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ൽ മുഖ്യമന്ത്രി നെതർലാൻഡ്സ് സന്ദർശിച്ചപ്പോൾ സോണ്ട പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് കമ്പനിയുമായി കരാറൊപ്പിട്ട​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോണ്ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി. മൂന്ന് ജില്ലകളിൽ കരാർ ഒപ്പിട്ടതിൽ അഴിമതിയുണ്ട്. സോണ്ട പ്രതിനിധികളും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് അഴിമതി ആരോപണം. മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ കരാർ നൽകി. ഇത് നിയമാനുസൃതമായിരുന്നില്ലെന്നും അഴിമതിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

അന്നത്തെ അംബാസിഡറായിരുന്ന വേണു രാജാമണി, സോണ്ട ഡയറക്ടർ ഡെന്നീസ് ഈപ്പൻ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസഫ്, ഒരു വിദേശ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഈ കൂടിക്കാഴ്ചയുടെ ഫലമായിട്ടാണോ സിംഗിൾ ടെണ്ടറായിട്ട് സോണ്ടയ്ക്ക് തന്നെ കരാർ കൊടുക്കാൻ കെ.എസ്.ഐ.ഡി.സി തീരുമാനിച്ചതെന്നും അതിനായി സമ്മർദമുണ്ടായോ എന്നുമറിയണം.

ഇതുകൊണ്ടാണോ കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ബ്രഹ്മപുരം തീപിടിത്തത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്നതും മാധ്യമങ്ങളുടേയും പ്രതിപക്ഷ നേതാവിന്റേയും ഭാഗത്തുനിന്നുള്ള സമ്മർദ ഫലമായി ഇന്ന് കമ്പനിയെ വെള്ളപൂശിയും കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് ഭരണകാലത്തെ കുറ്റപ്പെടുത്തിയും പ്രസ്താവന നടത്തിയിട്ടുള്ളത് എന്നുമറിയണം. ഇതിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും ടോണി ചമ്മിണി പറഞ്ഞു.

Tags:    
News Summary - Tommy Chammani bribe charge on chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.