കൊച്ചി: മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കി പണം തട്ടുന്ന ക്രൈം സിൻഡിക്കേറ്റ് രാജ്യത്ത് പ്രവർത്തിക്കുന്നതായി ഹൈകോടതി. ഇത്തരം അക്കൗണ്ടുകൾ പ്രവർത്തന സജ്ജമാക്കാൻ ഈ സംഘം നിയമവഴികൾ തേടുന്നതായും ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം സംശയം പ്രകടിപ്പിച്ചു. സൈബർ പണം തട്ടിപ്പ് കേസിൽ പ്രതിയായ വ്യക്തി അറിയാതെ, അഭിഭാഷകന്റെ അറിവോടെ ആൾമാറാട്ടം നടത്തി ഹരജി ഫയൽ ചെയ്തെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
സൈബർ കുറ്റകൃത്യങ്ങളെ തുടർന്ന് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ട് യുവ അഭിഭാഷകർ മുഖേന ഹൈകോടതിയിൽ ധാരാളം ഹരജികൾ എത്തുന്നുണ്ട്. ഇതിന് പിന്നിൽ യഥാർഥ ഹരജിക്കാർ തന്നെയാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിയുടെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് വക്കാലത്ത് സമർപ്പിച്ചെന്ന സൂചനയെ തുടർന്ന് അഡ്വ. ടി.പി. റിൻഷാദ്, ഇത് സാക്ഷ്യപ്പെടുത്തിയ അഡ്വ. ഷക്കീബ് ചുക്കൻ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചു.
സൈബർ തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന എറണാകുളം പോത്താനിക്കാട് സ്വദേശി ആദിൽ മീരാന്റെ പേരിലാണ് അക്കൗണ്ട് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവുമായി ഹൈകോടതിയിൽ ഹരജി എത്തിയത്. എന്നാൽ, റിമാൻഡിൽ കഴിയുന്ന പ്രതി വക്കാലത്ത് നൽകിയിട്ടില്ലെന്നും ആരെയും ഇതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാണിച്ച് കോടതി രജിസ്ട്രാർക്ക് കത്തു കിട്ടി. തുടർന്നുള്ള പരിശോധനയിലാണ് ആദിലിന്റെ പേരിലുള്ള വക്കാലത്തിൽ മറ്റാരോ ഒപ്പുവെച്ചെന്നും ഇത് അഡ്വ. റിൻഷാദിന്റെ അറിവോടെയാണെന്നും കോടതിക്ക് ബോധ്യപ്പെട്ടത്.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിനിടെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ അസാധാരണ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് സെപ്റ്റംബർ 25നാണ് ആദിൽ അറസ്റ്റിലായത്. ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ പരിചയക്കാരായ നാലുപേർ തന്നെ ബലിയാടാക്കിയതാണെന്നാണ് പ്രതിയുടെ വാദം. അക്കൗണ്ടുകളിൽ വന്ന പണം ലാഭ വിഹിതമാണെന്നാണ് കരുതിയതെന്നും ചൂണ്ടിക്കാട്ടി. ഈ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.