കോഴിക്കോട്: നമ്മുടെ ശരീരത്തിൽനിന്നെടുക്കുന്ന 300 മില്ലി രക്തം, കൊടുക്കുന്നതു കൊണ്ട് നഷ്ടമൊന്നും വരുത്താത്ത പ്ലാസ്മ, പ്ലേറ്റ്ലറ്റ് -നമുക്കുചുറ്റും ഒരായിരം പേർ ഇതിനായി കാത്തിരിപ്പുണ്ട്. അപകടങ്ങളിലും അത്യാഹിതങ്ങളിലും ജീവിതം ആശുപത്രിക്കിടക്കയിലായ ഹതഭാഗ്യരാണവർ. നാമൊന്ന് മനസ്സുവെച്ചാൽ ഇവരെല്ലാം ജീവിതത്തിലേക്ക് തിരിച്ചുവരും. ഇതിന് ആദ്യം വേണ്ടത് മാറ്റമാണ്; ബന്ധുമിത്രാദികൾക്ക് അത്യാവശ്യം വരുമ്പോൾ മാത്രം രക്തം ദാനം ചെയ്യുക എന്ന സങ്കുചിത മനോഭാവത്തിൽനിന്നുള്ള മാറ്റം.
ആർക്കുവേണമെങ്കിലും മുൻകൂട്ടി രക്തം ദാനം ചെയ്യാൻ യുവാക്കളെയും സ്ത്രീകളെയും സജ്ജരാക്കുക എന്നതാണ് ഇത്തവണത്തെ ലോക രക്തദാന ദിന സന്ദേശം. ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ രോഗികളെ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയൂവെന്ന് ബ്ലഡ് ബാങ്ക് കോഴിക്കോട് ജില്ല നോഡൽ ഓഫിസർ ഡോ. അർച്ചന പറയുന്നു. ‘രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക’ -ഇതാണ് ഇന്നത്തെ രക്തദാന ദിന മുദ്രാവാക്യം. ലുക്കീമിയ അടക്കം വിവിധ അർബുദ രോഗികളുടെയും രക്തജന്യ രോഗികളുടെയും ചികിത്സക്ക് പ്ലേറ്റ്ലറ്റ് ഉപയോഗം വളരെ കൂടിവരുന്നുണ്ട്. അർബുദത്തിന് കീമോതെറപ്പി കഴിഞ്ഞാലും രക്തത്തിൽ പ്ലേറ്റ്ലറ്റ് ഗണ്യമായി കുറയും. ഇത് പരിഹരിക്കാനും രോഗികൾക്ക് പ്ലേറ്റ്ലറ്റ് നൽകേണ്ടിവരും.
ഇത്തരം സാഹചര്യങ്ങളിൽ ബ്ലഡ് ബാങ്കിൽ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ അവർക്ക് അടിയന്തരമായി പ്ലേറ്റ്ലറ്റ് എത്തിക്കാൻ കഴിയൂ. പലപ്പോഴും ഇത്തരത്തിൽ സ്റ്റോക്ക് ഇല്ലാതാവുന്നത് പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെന്നും ബ്ലഡ് ബാങ്കിലെ ജീവനക്കാർ പറയുന്നു. നെഗറ്റിവ് ഗ്രൂപ്പുകൾക്കാണ് കൂടുതൽ പ്രതിസന്ധി അനുഭവപ്പെടുന്നത്. ബോംബെ ഗ്രൂപ്പാണ് ഏറ്റവും ദൗർലഭ്യം. ഇത് ബ്ലഡ് ബാങ്കിൽ എടുത്ത് സൂക്ഷിക്കാറില്ല. ആവശ്യം വരുമ്പോൾ മാത്രം ദാതാക്കളെ വിളിച്ചുവരുത്തി എടുക്കുകയാണ് പതിവ്.
മലബാറിന്റെ ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരുവർഷം 30,000 ത്തോളം പേരാണ് രക്തം ദാനം ചെയ്യുന്നത്. ഇത് പ്ലാസ്മ, ആർ.ബി.സി, പ്ലേറ്റ്ലറ്റ് എന്നിങ്ങനെ മൂന്നായി വേർതിരിച്ച് 65,000ലധികം പേർക്ക് ദാനം ചെയ്യുമെന്നും ബ്ലഡ് ബാങ്കിലെ ഡോ. ദീപ പറയുന്നു. സ്റ്റോക്ക് നിലനിർത്തുന്നതിനാണ് രോഗിയുടെ ബന്ധുക്കളോട് പകരം രക്തം ആവശ്യപ്പെടുന്നതെന്നും ഇവർ പറഞ്ഞു.
ഇന്ന് രക്തം ദാനം ചെയ്യുന്നതിൽ വനിതകളുടെ പങ്ക് വെറും രണ്ടുശതമാനം മാത്രമാണ്. ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകൾ രക്തദാനത്തിൽ കാണിക്കുന്ന വിമുഖത അവസാനിപ്പിച്ചാൽ ഇന്ന് രക്തദാന മേഖലയിൽ കാണുന്ന ദൗർലഭ്യത്തിന് പരിഹാരമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.