രമ്യയും സൗമ്യയും
ചേർത്തല: ജന്മനാ ഇരുകാലിെൻറയും ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ സഹോദരിമാരാണ് തണ്ണീർമുക്കം പഞ്ചായത്ത് 14ാം വാർഡിൽ കണ്ടകശ്ശേരി വിജയൻ - രത്നമ്മ ദമ്പതികളുടെ മക്കളായ രമ്യയും (36) സൗമ്യയും (31). നടക്കാനാകാത്ത ഇരുവർക്കും വിമാനയാത്ര വരെ തരപ്പെട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജനസമ്പർക്ക പരിപാടിയിൽ ഇവരുടെ വിഷയം അവതരിപ്പിക്കപ്പെട്ടപ്പോൾ 300 മീറ്ററോളം നീളത്തിൽ വീട്ടിലേക്ക് റോഡ് അനുവദിച്ചുകിട്ടി. ചികിത്സച്ചെലവുമായി വലിയ ബാധ്യത നേരിടുകയാണ് കുടുംബം.
പരിസരത്തെ സുമനസ്സുകളുടെ സഹായത്താലാണ് മുന്നോട്ടുപോകുന്നത്. കൃഷി മന്ത്രി പി. പ്രസാദും മുൻ മന്ത്രി പി. തിലോത്തമനും വീട്ടിൽ വന്ന് ഇരുവരെയും കണ്ടിരുന്നു. അപ്പോൾ ഇരുവരും ഒരേയൊരു കാര്യം മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്; മുഖ്യമന്ത്രി പിണറായി വിജയനെ ഒന്ന് നേരിൽ കാണണം. അതിന് അവസരം ഒരുക്കാമെന്ന് മന്ത്രി പ്രസാദ് നൽകിയ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഈ സഹോദരിമാർ.
രമ്യക്ക് നാലുമാസം പ്രായമായപ്പോൾ അപസ്മാരബാധ വന്നതിനെത്തുടർന്നാണ് ചലനശേഷി നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കൾ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ വിദഗ്ധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചുവർഷത്തിനുശേഷം ജനിച്ച സൗമ്യയും ഇതേ അവസ്ഥയിലായി. രോഗം മാറുമെന്ന പ്രതീക്ഷ ദമ്പതികൾ കൈവിട്ടിട്ടില്ല. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിെൻറ ബഡ്സ് സ്കൂളിൽ ഏഴാം ക്ലാസുവരെ ഇരുവരും പോയി പഠിച്ചു. എടുത്ത് കൊണ്ടുപോകുന്ന ബുദ്ധിമുട്ട് കാരണം പിന്നീട് സ്കൂളിൽ വിട്ടില്ല. ഗൃഹപാഠങ്ങൾ അധ്യാപകർ വീട്ടിലെത്തിച്ച് നൽകുന്ന പഠനം തുടരുന്നുണ്ട്.
അകലെയുള്ള റോഡുവരെ എത്തണമെങ്കിൽ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനെത്തുടർന്നാണ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തത്. അതിെൻറ പ്രയോജനം മറ്റ് വീട്ടുകാർക്കും ലഭിച്ചു. ചേർത്തല സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയന് മക്കളുടെ വിദ്യാഭ്യാസം മുടക്കേണ്ടിവന്നതിൽ വിഷമമുണ്ട്. നാട് മുഴുവൻ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തിരിയുന്ന കോവിഡുകാലത്ത് മക്കൾക്കും അത് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന 70ഓളം പേരെ നാലുവർഷം മുമ്പ് ചേർത്തല മരുത്തോർവട്ടം പള്ളിയുടെ നേതൃത്വത്തിൽ എറണാകുളത്തേക്ക് ഹൗസ് ബോട്ടിലും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലും കൊണ്ടുപോയപ്പോൾ രമ്യയും സൗമ്യയും അതിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.