ദേശീയപാത 66ൽ കോഴിക്കോട് രാമനാട്ടുകര മുതൽ വെങ്ങളം വരെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ

ദേശീയപാത 66 ഉദ്ഘാടനം: മന്ത്രി റിയാസിന്റെ പ്രതിഷേധ റോഡ് ഷോ

രാമനാട്ടുകര (കോഴിക്കോട്): ദേശീയപാത 66ലെ തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര റീച്ചിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നിർവഹിക്കുന്നതിന് മുൻപ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപാതയിൽ റോഡ്ഷോ നടത്തി.

വെങ്ങളം-രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ‍് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നത് വിവാദമായതിനെ തുടർന്നാണ് പ്രതിഷേധ റോഡ് ഷോ സംഘടിപ്പിച്ചത്. ദേശീയപാത 66ന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയായ തന്നെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള അപമാനമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.

എൽ.ഡി.എഫ് സർക്കാർ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതിതന്നെ മുടങ്ങിപ്പോകുമായിരുന്നു. എൻ.എച്ച് 66ന്റെ പിറവി കേരളത്തിന്റെ നേട്ടമല്ലായെന്ന് വരുത്തിത്തീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ. റഹീം, അഹമ്മദ് ദേവർ കോവിൽ എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. കൊച്ചിയിൽ നടന്ന ഉദ്ഘാടന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു.


Tags:    
News Summary - National Highway 66 inauguration: Minister PA Muhammad Riyas's protest road show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.